'ഛോട്ടാ ഭീം' പരിഹാസം: മോഹൻ ലാലിനോട് കെ.ആർ.കെ മാപ്പ് പറഞ്ഞു

മുംബൈ: മോഹൻ ലാലിനെതിരെ ആക്ഷേപ ശരങ്ങളുതിർത്ത ഹിന്ദി നടനും സിനിമാ നിരൂപകനുമായ കെ.ആർ.കെ എന്ന കമാൽ റഷീദ് ഖാൻ മാപ്പ് പറഞ്ഞു. ലാലിനെ 'ഛോട്ടാ ഭീം' എന്നു വിളിച്ചതിന് ക്ഷമ ചോദിക്കുന്നു എന്നും കെ.ആര്‍.കെ വ്യക്തമാക്കി.

മോഹൻ ലാലിനെ കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ലായിരുന്നു. ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണെന്ന കാര്യം ഇപ്പോള്‍ മനസിലായെന്നും കെ.ആര്‍.കെ ട്വിറ്ററില്‍ കുറിച്ചു.

എം.ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷമാണ് കെ.ആര്‍.കെ മോഹന്‍ലാലിനെ പരിഹസിച്ച് രംഗത്തെത്തിയത്. ഛോട്ടാ ഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങിനെ ഭീമനാകുമെന്നും ചിത്രം നിര്‍മ്മിച്ച് ബി.ആര്‍ ഷെട്ടി എന്തിനാണ് വെറുതെ പണം കളയുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇതിനെ തുടർന്ന് കെ.ആർ.കെക്ക് ട്വിറ്ററില്‍ ആരാധകരുടെ ചീത്തവിളിയും തുടങ്ങി. ചിലർ മലയാളത്തിൽ തന്നെ തെറിവിളിയുമായി രംഗത്തെത്തി. ഇതോടെ മലയാളികളെയും മോഹൻലാലിനെയും പരിഹസിച്ച് വീണ്ടും കെ.ആര്‍.കെ രംഗത്തെത്തി. ഒരു സിനിമയിലെ മോഹൻലാലിന്‍റെ ഫോട്ടോ ഷെയർ ചെയ്താണ് വീണ്ടും കോമാളിയെന്ന് വിളിച്ചത്. മോഹൻലാല്‍ ഭീമനാകരുതെന്നും ഈ കോമാളി ഭീമനെ അവതരിപ്പിച്ചാൽ അത് വലിയൊരു അപമാനമാകുമെന്നും ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചു.

ബാഹുബലി താരം പ്രഭാസ് ആണ് മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനെന്നും കൃഷ്ണനായി അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും കൂട്ടിച്ചേർത്തു. താനും കൃഷ്ണനും ഉത്തര്‍പ്രദേശില്‍ ജനിച്ചവരാണെന്നും അതുകൊണ്ട് തനിക്ക് കൃഷ്ണനാകാന്‍ താല്‍പര്യം ഉണ്ടെന്നുമായിരുന്നു ട്വീറ്റ്.

Tags:    
News Summary - krk apologise to mohanlal chotta bheem statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.