ഫിലിം ന്യൂസ് ആനന്ദന്‍ അന്തരിച്ചു

ചെന്നൈ: ദക്ഷിണേന്ത്യന്‍ സിനിമയുടെ വളര്‍ച്ചക്കൊപ്പം സഞ്ചരിച്ച പ്രമുഖ തമിഴ് ചലച്ചിത്ര ചരിത്രകാരനും ഫോട്ടോ ജേര്‍ണലിസ്റ്റുമായ ആനന്ദന്‍ (90) മരണപ്പെട്ടു. ശ്വാസ കോശ രോഗങ്ങളാല്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍െറ അന്ത്യം തിങ്കളാഴ്ച രാവിലെ ചെന്നൈ ടി. നഗറിലെ വീട്ടില്‍ വെച്ചായിരുന്നു. ഫിലിം ന്യൂസ് ആനന്ദന്‍ എന്നാണ് ചലച്ചിത്ര മേഖലയില്‍ അറിയപ്പെട്ടിരുന്നത്. ചലച്ചിത്ര മാഗസിനില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ ആനന്ദന്‍ 1954 ൽ ഫോട്ടോ ജേര്‍ണലിസ്റ്റായും ജോലി ചെയ്തു. ദക്ഷിണേന്ത്യന്‍ സിനിമയുടെ സഞ്ചരിക്കുന്ന എന്‍സൈക്ളോപീഡിയ എന്ന് വിളിപ്പേരുള്ള അദ്ദേഹം തമിഴ്, മലയാളം, തെലുങ്ക്,കന്നഡ സിനിമകളിലെ ആദ്യ കാല സിനിമാ സ്റ്റില്ലുകള്‍ സൂക്ഷിച്ചിരുന്നു. 1930 മുതലുള്ള ഏഴായിരം ചലച്ചിത്രങ്ങളുടെ വിലപ്പെട്ട ചരിത്രം സ്വന്തം ശേഖരത്തില്‍ സൂക്ഷിച്ചു. ഇത് പിന്നീട് തമിഴ് ചലച്ചിത്ര ചരിത്രം എന്ന പേരില്‍ ഗ്രന്ഥമായി പ്രസിദ്ധീകരിച്ചു. അക്കാദമിക് രംഗത്തടക്കം റഫറന്‍സ് രേഖയായി ഈ ചരിത്ര പുസ്തകം ഉപയോഗിച്ച് വരുന്നുണ്ട്. ദക്ഷിണേന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പുറത്തിറക്കുന്ന ജേര്‍ണലിന് വേണ്ടി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.  

എം.ജി.ആര്‍ അഭിനയിച്ച 'നാടോടി മന്നന്‍' എന്ന സിനിമക്ക് വേണ്ടി പബ്ളിക്ക് റിലേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചു. തമിഴ് ചലച്ചിത്ര മേഖലയിലെ ആദ്യ പി.ആര്‍.ഒയാണ്. മലയാളം ഉള്‍പ്പെടെ നിരവധി ദക്ഷിണേന്ത്യന്‍ സിനിമകളുടെ പി.ആര്‍.ഒ ആയി അറുപത് വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചു. എം.ജി.ആര്‍, ശിവാജി ഗണേഷന്‍,കെ.ആര്‍ വിജയ, ജയലളിത, കമല്‍ ഹാസന്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.  തമിഴ്നാട് സര്‍ക്കാരിന്‍െറ കലാ പീഠം, കലൈ മാമണി തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 

ഭാര്യയും രണ്ടാള്‍ മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്. പബ്ളിക്ക്റിലേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡയമണ്ട് ബാബു മകനാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.