ചലച്ചിത്ര അക്കാദമിയിലേക്ക് ബീനാപോള്‍ മടങ്ങിവരുന്നു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ഭരണസമിതിയിലേക്ക് ബീനാപോള്‍ മടങ്ങിവരുന്നു. അക്കാദമി വൈസ് ചെയര്‍മാന്‍ പദവി നല്‍കിയാണ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കൂടിയായ ബീനാപോളിനെ സര്‍ക്കാര്‍ അക്കാദമിയിലേക്ക് കൊണ്ടുവരുന്നത്. സംവിധായകന്‍ സിബി മലയില്‍, ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടി എന്നിവരെയും അക്കാദമി എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. സംവിധായകന്‍ ഡോ. ബിജുവിനെയും മറ്റു ചിലരെയും ജനറല്‍ കൗണ്‍സിലിലേക്കാണ് പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച സാംസ്കാരിക വകുപ്പിന്‍െറ ഉത്തരവ് ഒരാഴ്ചക്കുള്ളില്‍ പുറത്തിറങ്ങും.

അതേസമയം 21 അംഗ ജനറല്‍ കൗണ്‍സിലില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിലും സി.പി.എമ്മിലും അഭിപ്രായ ഭിന്നതയുള്ളതിനാല്‍ ജനറല്‍ കൗണ്‍സില്‍ ലിസ്റ്റ് വൈകുമെന്നാണ് സൂചന. മുന്‍ അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) ജയന്തി നരേന്ദ്രനാഥും മുന്‍ സെക്രട്ടറി രാജേന്ദ്രന്‍നായരുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് 2014 ജൂണിലാണ് ബീനാപോള്‍ അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനവും കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ  (ഐ.എഫ്.എഫ്.കെ) ആര്‍ട്ടിസ്റ്റ് ഡയറക്ടര്‍ സ്ഥാനവും രാജിവെച്ചത്.

ജയന്തിയുടെ കരാര്‍ കഴിഞ്ഞ ജൂലൈ 10ന് അവസാനിപ്പിക്കുകയും അക്കാദമി സെക്രട്ടറിയായി സി.ആര്‍.രാജ്മോഹനെ നിലനിര്‍ത്തിയുമാണ് ബീനാപോളിന് വീണ്ടും അക്കാദമിയിലത്തൊന്‍ സര്‍ക്കാര്‍ അവസരമൊരുക്കുന്നത്. ഡിസംബര്‍ ഒമ്പതുമുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 21ാമത് ഐ.എഫ്.എഫ്.കെയുടെ നടത്തിപ്പിന്‍െറ മുഖ്യചുമതലയും അവര്‍ക്ക് നല്‍കാനാണ് ധാരണ. ചലച്ചിത്രമേള നടത്തി പരിചയമുള്ളവര്‍ അക്കാദമിയില്‍ ഇല്ലാത്തതും അക്കാദമി ചെയര്‍മാന്‍ കമലിനും സിബി മലയിലിനും സംഘാടനത്തില്‍ മുന്‍പരിചയമില്ലാത്തതുമാണ് ബീനാപോളിനെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള മുഖ്യകാരണം.

21ാമത് ഐ.എഫ്.എഫ്.കെയോടനുബന്ധിച്ച് സിനിമകള്‍ക്കുള്ള അപേക്ഷ അക്കാദമി ക്ഷണിച്ചു തുടങ്ങി. www.iffk.in എന്ന സെറ്റ്വഴിയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്.സെപ്റ്റംബര്‍ ഒമ്പതാണ് അവസാന തീയതി. തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ ഒക്ടോബര്‍ 20ന് അക്കാദമിയുടെ ഒൗദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.