ചലച്ചിത്ര നിരൂപണം നിലവാരത്തകര്‍ച്ചയില്‍ -ക്രിസ്റ്റോഫ് സനൂസി

തിരുവനന്തപുരം: ചലച്ചിത്ര നിരൂപണശാഖ നിലവാരത്തകര്‍ച്ച നേരിടുകയാണെന്ന് വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി. സിനിമയെ നശിപ്പിക്കാനുള്ള ബോധപൂര്‍വ തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ ആരെങ്കിലും നിരൂപണമെഴുതിയാല്‍ അതിനെ മറ്റു നിരൂപകര്‍ പകര്‍ത്തുന്ന പ്രവണതയാണ് കാണുന്നത്. ലോകവ്യാപകമായി തുടരുന്ന ഈ പ്രവണതയോട് തനിക്ക് വിയോജിപ്പാണുള്ളത്. കേരള ചലച്ചിത്ര അക്കാദമിയും രേവതി കലാമന്ദിര്‍ ഫിലിം അക്കാദമിയും തിരുവനന്തപുരം പ്രസ് ക്ളബും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോളണ്ടില്‍ സിനിമക്ക് സഹായകമായ സമീപനമാണ് ഭരണാധികാരികള്‍ കൈക്കൊള്ളുന്നത്. എന്നാല്‍, മാധ്യമങ്ങളുടെയും നിരൂപകരുടെയും താല്‍പര്യമില്ലായ്മ സിനിമകളുടെ വളര്‍ച്ചക്ക് തടസ്സമാകുന്നു. പ്രശസ്തിക്കും പുരസ്കാരങ്ങള്‍ക്കും അപ്പുറം, കുറേക്കാലം കഴിഞ്ഞെങ്കിലും സിനിമ ജനങ്ങളില്‍ സ്വാധീനമുണ്ടാക്കുന്നെങ്കില്‍ അതാണ് മികച്ച അംഗീകാരം. താരാരാധന നല്ല സിനിമകളെ നശിപ്പിക്കും.

അതേസമയം, പ്രമുഖ നടന്മാര്‍ക്കുവേണ്ടി സിനിമാ ചിത്രീകരണത്തില്‍ ചില തന്ത്രങ്ങള്‍ തനിക്കും പ്രയോഗിക്കേണ്ടിവന്നിട്ടുണ്ട്. പണത്തിനും പ്രശസ്തിക്കും വേണ്ടി സിനിമ നിര്‍മിക്കാനിറങ്ങരുത്. അവര്‍ക്ക് സിനിമയെക്കാള്‍ പറ്റിയ വഴി ചൂതാട്ടമാണ്. പുതിയ അനുഭവങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ സിനിമ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.