അന്താരാഷ്ട്ര ചലച്ചിത്രമേള: കൈരളി ഇനി പഴങ്കഥ; മുഖ്യവേദി നിശാഗന്ധി

*ഡെലിഗേറ്റുകളുടെ എണ്ണത്തിന് നിയന്ത്രണമുണ്ടാകില്ല *റോമന്‍ പൊളാന്‍സ്കി എത്തില്ല

തിരുവനന്തപുരം: 20ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) മുഖ്യവേദി  കൈരളിക്ക് പകരം നിശാഗന്ധി. മേളയുടെ ഓഫിസും ചലച്ചിത്ര അക്കാദമിയുടെ ബുക് സ്റ്റാളുകളും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനവും ഓപണ്‍ ഫോറവുമടക്കം കനകക്കുന്നിലെ നിശാഗന്ധിയില്‍ സംഘടിപ്പിക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം. നിശാഗന്ധി ഓപണ്‍ ഓഡിറ്റോറിയത്തിന്‍െറ നവീകരണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഇവ പൂര്‍ത്തിയാകുന്നതോടെ ഘട്ടംഘട്ടമായി മേളയുടെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങോട്ടേക്ക് മാറ്റും. ഇതോടെ ഏറെ പ്രതിഷേധസമരങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടമായ കൈരളി തിയറ്ററിന്‍െറ പടവുകള്‍ ഓര്‍മയാകും. ഡിസംബര്‍ നാലു മുതല്‍ 11വരെയാണ് മേള സംഘടിപ്പിക്കുന്നത്. നവീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കൈരളി തിയറ്ററിനെക്കാളും കൂടുതല്‍ സ്ഥല സൗകര്യവും കൂടുതല്‍ ഡെലിഗേറ്റുകളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യവും പരിഗണിച്ചാണ് മുഖ്യവേദിയായി നിശാഗന്ധിയെ പരിഗണിക്കാന്‍ കാരണം. കൈരളിയില്‍ 440ഉം നിളയില്‍ 312ഉം ശ്രീയില്‍ 261മാണ് നിലവിലെ സീറ്റിങ് കപ്പാസിറ്റി. എന്നാല്‍, നിശാഗന്ധിയില്‍ ഒരേസമയം 3000ത്തോളം ഡെലിഗേറ്റുകള്‍ക്ക് സിനിമ കാണാനുള്ള സൗകര്യമുണ്ടെന്നാണ് ചലച്ചിത്ര അക്കാദമിയുടെ അവകാശവാദം.അതുകൊണ്ട് ഏറെ തിരക്കുവരുന്ന സിനിമകള്‍ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. നിശാഗന്ധിയെ കൂടാതെ, നവീകരിച്ച ടാഗോര്‍ തിയറ്ററിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, നിള, ശ്രീ, കലാഭവന്‍, ന്യൂ, ധന്യ, രമ്യ എന്നീ തിയറ്ററുകളിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാമെന്നിരിക്കെ ഡെലിഗേറ്റുകളുടെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തെപ്പോലെ ഒരു നിയന്ത്രണവും ആവശ്യമില്ളെന്നാണ് ഷാജി എന്‍. കരുണ്‍ ചെയര്‍മാനായ 18 അംഗ ഉപദേശക സമിതിയുടെ തീരുമാനം. അതേസമയം, ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡിന് ഫ്രഞ്ച് -പോളിഷ് സംവിധായകനും എഴുത്തുകാരനുമായ റോമന്‍ പൊളാന്‍സ്കിയെ പരിഗണിച്ചെങ്കിലും അദ്ദേഹം അസൗകര്യം പറഞ്ഞതിനെ തുടര്‍ന്ന് മറ്റൊരാളെ കണ്ടത്തൊനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങളാല്‍ അമേരിക്കയില്‍ ചികിത്സയിലായതിനാലാണ് അദ്ദേഹം അസൗകര്യം പറഞ്ഞത്. മത്സര വിഭാഗത്തിലേക്കുള്ള വിദേശചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതായി മേളയുടെ ഡയറക്ടര്‍ ഷാജി എന്‍. കരുണ്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.