ചിത്രത്തിലേതായി പുറത്തുവന്ന മമിതയുടെ ചിത്രം, വിജയോടൊപ്പം മമിത
ദളപതി വിജയ് നായകനായെത്തുന്ന അവസാന സിനിമ എന്ന നിലയിൽ ആരാധകരിൽ വലിയ പ്രതീക്ഷയുണർത്തുന്ന ചിത്രമാണ് ജനനായകൻ. ചിത്രത്തിൽ വിജയ്യുടെ സഹോദരി കഥാപാത്രമായി മലയാളികളുടെ പ്രിയങ്കരി മമിത ബൈജുവാണ് എത്തുന്നത്. വിജയ് സിനിമയിൽ മമിത എത്തുന്നു എന്ന വാർത്ത നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലേതായി പുറത്തിറങ്ങിയ മമിതയുടെ ചില ചിത്രങ്ങളാണ് വൈറലാകുന്നത്. വിജയ്‌യും മമിതയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെന്ന് സംവിധായകൻ എച്ച്. വിനോദ് അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ചിത്രത്തിന്‍റെ പുറത്തുവന്ന ചില ഭാഗങ്ങൾ നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയുമായി സാമ്യമുണ്ടെന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ അത്തരത്തിൽ ഒരു സാമ്യവും സിനിമക്ക് ഇല്ലെന്നായിരുന്നു സംവിധായകന്‍റെ പ്രതികരണം. ആനന്ദവികടൻ എന്ന തമിഴ് സിനിമ മാഗസിൻപുറത്തുവിട്ടിരിക്കുന്ന ലൊക്കേഷൻ സ്റ്റിൽസ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കൈയിൽ ഇഷ്ടികയും പിടിച്ച് നിൽക്കുന്ന മമിതയുടെ ചിത്രമാണ് പുറത്തുവന്നത്. ഡാൻസും ആക്ടിങ്ങും മാത്രമല്ല, ആക്ഷനും മമിത ചിത്രത്തിൽ കാഴ്ചവെക്കുമെന്നാണ് ആരാധകര പ്രതികരണം.
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനിരിക്കെ വിജയ്യുടെ സിനിമ ജീവിതത്തിലെ അവസാന ചിത്രമെന്ന പ്രഖ്യാപനത്തോടെയാണ് നേരത്തെ ചിത്രത്തെ കുറിച്ചുളള വിവരങ്ങൾ പുറത്തിറങ്ങിയിരുന്നത്. ഇതിനൊപ്പം പുറത്തുവിട്ട പ്രമോഷണൽ ഉള്ളടക്കങ്ങളും ഗാനങ്ങളും സിനിമയെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. എച്ച്. വിനോദിന്‍റെ സംവിധാനം, രാഷ്ട്രീയ പശ്ചാത്തമുള്ള കഥ, സമകാലിക സാമൂഹിക പ്രശ്നങ്ങൾ എന്നിവയും വിജയുടെ അവസാനചിത്രമെന്ന ആരാധകരുടെ വികാരവും ചിത്രത്തോടുള്ള താൽപര്യം വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
ജനനായകൻ 2026 ജനുവരി ഒമ്പതിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. റിലീസിന് മുമ്പേ തന്നെ ചിത്രം നേടിയ പല റെക്കോഡുകളും ബോക്‌സ് ഓഫിസിൽ വലിയ വിജയം നേടുമെന്നാണ് സിനിമ വ്യാപാരരംഗം വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.