ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധറിന്റെ ബോക്‌സ് ഓഫിസിലെ ആധിപത്യം അവസാനിക്കുന്നില്ല. ലോകമെമ്പാടുമായി ചിത്രം 1,000 കോടി കടന്നു. ഇപ്പോഴിതാ, ഒരു ഭാഷയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്. പുറത്തിറങ്ങി നാലാമത്തെ ബുധനാഴ്ചയും ബോക്‌സ് ഓഫിസിൽ 10.5 കോടി രൂപ നേടി. ഇതോടെ ആഭ്യന്തര ബോക്‌സ് ഓഫിസ് കലക്ഷൻ 722.5 കോടി രൂപയായി എന്നാണ് സാക്‌നിൽക്കിന്റെ റിപ്പോർട്ട്.
രൺവീർ സിങ്ങാണ് ചിത്രത്തിലെ നായകൻ. 1,000 കോടി ക്ലബ്ബിൽ ഇടം നേടിയ ഏക ബഹുഭാഷ ഇന്ത്യൻ ചിത്രമാണ്. റിപ്പോർട്ട് അനുസരിച്ച് ചിത്രം 1,100 കോടി രൂപ കടക്കാൻ സാധ്യതയുണ്ട്. ഈ കണക്കുകൾ പ്രകാരം, രാജ്യത്തുടനീളം ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്ത ജവാൻ, പുഷ്പ 2 തുടങ്ങിയ ലോകമെമ്പാടുമായി 1,050 കോടി രൂപ ക്ലബ്ബിൽ ഇടം നേടിയ മികച്ച ചിത്രങ്ങളെ പിന്നിലാക്കിയാണ് ചിത്രം മുന്നേറുന്നത്. എല്ലാ പതിപ്പുകളും കണക്കിലെടുക്കുമ്പോൾ എക്കാലത്തെയും ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഏഴാമത്തെ ഇന്ത്യൻ ചിത്രമാണ് ധുരന്ധർ.
കാർത്തിക് ആര്യന്റെയും അനന്യ പാണ്ഡെയുടെയും തു മേരി മേൻ തേരാ മേൻ തേരാ തു മേരി എന്ന ചിത്രം പുറത്തിറങ്ങിയിട്ടും ധുരന്ധർ ബോക്സ് ഓഫിസിൽ ശക്തമായ ആധിപത്യം പുലർത്തുകയാണ്. ധുരന്ധറിൽ നിന്ന് വൻ മത്സരം നേരിട്ട ഈ റൊമാന്റിക് ഡ്രാമ റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ 27 കോടി രൂപ മാത്രമേ നേടിയിട്ടുള്ളൂ.
പാകിസ്താനിലെ കറാച്ചിയിലെ അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന റോ ഏജന്റിന്റെ കഥയാണ് ചിത്രം പറയുന്നത്. ഐ.എസ്.ഐയുടെ നീക്കങ്ങളെ തകർക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഹംസ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.