70 കോടിക്ക് നിർമിച്ച ചിത്രം നേടിയത് രണ്ട് കോടി മാത്രം; ഈ വർഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് തകർച്ച, അതും ഒരു മോഹൻലാൽ ചിത്രം...

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സിനിമ 2025ലെ ഏറ്റവും വലിയ ബോക്സ് ഓഫിസ് പരാജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. ക്രിസ്മസ് അവധിക്കാലത്ത് റിലീസ് ചെയ്തിട്ടും മലയാളത്തിന്‍റെ സൂപ്പർസ്റ്റാർ മോഹൻലാൽ അഭിനയിച്ചിട്ടും ചിത്രത്തിന് പിടിച്ചു നിൽക്കാനായില്ല. മോഹൻലാലിന്‍റെ ഏറ്റവും പുതിയ ചിത്രമായ വൃഷഭയെക്കുറിച്ചാണ് പറഞ്ഞു വന്നത്. 70 കോടിക്ക് നിർമിച്ച ചിത്രം റിലീസ് ചെയ്ത് ആറ് ദിവസം പിന്നിട്ടിട്ടും വെറും രണ്ട് കോടി മാത്രമാണ് നേടിയത്. ചിത്രത്തിന്‍റെ വരുമാനം പ്രതീക്ഷക്കൊപ്പം ഉയർന്നില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ആദ്യ ദിനത്തിൽ, ഇന്ത്യൻ ബോക്‌സ് ഓഫിസിൽ ഏകദേശം 60 ലക്ഷം രൂപയാണ് വൃഷഭ നേടിയത്. സമീപ വർഷങ്ങളിലെ ഒരു മോഹൻലാൽ സിനിമയുടെ ഏറ്റവും കുറഞ്ഞ വരുമാനമാണിത്. വാരാന്ത്യങ്ങളിൽ മാത്രമാണ് ചിത്രം കലക്ഷനിൽ ചെറിയ ഉയർച്ച നേടിയത്. എന്നാൽ അതും സിനിമക്ക് ഗുണം ചെയ്തില്ല. ഈ വർഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് തകർച്ചകളിൽ ഒന്നായി വിദഗ്ധർ ഇതിനെ വിശേഷിപ്പിക്കുന്നു. ഏകദേശം 97 ശതമാനമാണ് നഷ്ടം കണക്കാക്കുന്നത്. കേരളത്തിലെ പല തിയറ്ററുകളും ആറാം ദിവസത്തോടെ സിനിമ സ്‌ക്രീനുകളിൽ നിന്ന് പിൻവലിക്കാൻ തുടങ്ങി.

ഒരു അച്ഛൻ മകൻ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന പൗരാണികവും ആധുനികതയും കൂടിച്ചേരുന്ന കഥയാണ് ചിത്രം പറയുന്നത്. സമർജിത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയൻ സരിക, അജയ്, നേഹ സക്സേന, ഗരുഡ റാം, വിനയ് വർമ, അലി, അയ്യപ്പ പി. ശർമ, കിഷോർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. എസ്.ആർ.കെ., ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ സംഭാഷണങ്ങൾ രചിച്ചത്. തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുക്കിയ ചിത്രം ഹിന്ദി, കന്നഡ ഭാഷകളിൽ കൂടി റിലീസ് ചെയ്തു.

ഛായാഗ്രഹണം ആന്റണി സാംസൺ, എഡിറ്റിങ് കെ.എം. പ്രകാശ്, സംഗീതം സാം സി.എസ്., സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, ആക്ഷൻ പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ എന്നിവർ നിർവഹിച്ചിരിക്കുന്നു. ശോഭ കപൂർ, ഏക്താ ആർ കപൂർ, സി.കെ. പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിങ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിച്ചത്.  

Tags:    
News Summary - this film became biggest disaster of 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.