‘പ്രേമം’: സെന്‍സര്‍ ബോര്‍ഡ് ഉരുണ്ടുകളിക്കുന്നു

തിരുവനന്തപുരം: അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘പ്രേമം’ സിനിമ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആന്‍റി പൈറസി സെല്‍ ആവശ്യപ്പെട്ട ഡീവീഡി കോപ്പി സെന്‍സര്‍ ബോര്‍ഡ് കൈമാറിയില്ല. എത്രയും വേഗം ഡീവീഡി കൈമാറണമെന്ന് ആന്‍റി പൈറസി സെല്‍ അധികൃതര്‍ സെന്‍സര്‍ബോര്‍ഡ് അധികൃതര്‍ക്ക് അന്ത്യശാസനം നല്‍കിയതായാണ് വിവരം.

രണ്ടുദിവസത്തിനുള്ളില്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് എസ്.പി വ്യാഴാഴ്ച സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചു. നേരത്തേ, 24 മണിക്കൂറിനുള്ളില്‍ കൈമാറണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ ഒഴികഴിവ് പറയുകയായിരുന്നു. ഇതിനുപിന്നില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നു. എന്നാല്‍, ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് അധികൃതര്‍ തയാറായില്ല.

സെന്‍സര്‍ സര്‍ട്ടിഫൈഡ് വാട്ടര്‍മാര്‍ക്കുള്ള പകര്‍പ്പാണ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചത്. ഇതുസംബന്ധിച്ച വ്യക്തതക്കാണ് ഡീവീഡി ആവശ്യപ്പെട്ടത്. ചിത്രത്തിന്‍െറ നിര്‍മാതാവ് അന്‍വര്‍ റഷീദും സംവിധായകനും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്‍െറ നിജസ്ഥിതിയും പരിശോധിക്കുന്നുണ്ട്. വ്യാഴാഴ്ചയും ആന്‍റി പൈറസി സെല്‍ ഡിവൈ.എസ്.പി എം. ഇക്ബാലിന്‍െറ നേതൃത്വത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഓഫിസില്‍ പരിശോധന നടത്തി.

അല്‍ഫോണ്‍സ് പുത്രനെ ബുധനാഴ്ച കൊച്ചിയില്‍ 11 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ചിത്രത്തിന്‍െറ അണിയറ പ്രവര്‍ത്തകരായ എട്ടുപേരെയും ചോദ്യം ചെയ്തിരുന്നു. ഇവരില്‍നിന്ന് കാര്യമായ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍പേരെ ചോദ്യം ചെയ്യുമെന്നും അധികൃതര്‍ പറയുന്നു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.