‘ജസ്രംഗി’യില്‍ അവാര്‍ഡിന്‍െറ ഇരട്ടിമധുരം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അതിന്‍െറ തിളക്കവും ‘ജസ്രംഗി’ക്ക് പുതുമയല്ല. എന്നാല്‍, ഇക്കുറി അപ്രതീക്ഷിതമായി എത്തിയ രണ്ട് അവാര്‍ഡുകള്‍ സംഗീത സംവിധായകന്‍ രമേശ് നാരായണിന് ഇരട്ടിമധുരമാണ് നല്‍കുന്നത്.
മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരത്തിനുപുറമെ പിന്നണിഗായികക്കുള്ള പുരസ്കാരമാണ് തമലത്തെ രമേശ് നാരായണിന്‍െറ ‘ജസ്രംഗി’യിലേക്ക് എത്തുന്നത്. ‘എന്ന് നിന്‍െറ മൊയ്തീനി’ലെ ‘ശാരദാംബരം ചാരുചന്ദ്രികാ’, ‘ഇടവപ്പാതി’യിലെ ‘പശ്യതി ദിശി ദിശി’ എന്നീ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയതിനാണ് നാലാം തവണയും സര്‍ക്കാറിന്‍െറ ആദരം സംഗീതത്തിന്‍െറ ‘പണ്ഡിറ്റി’നെ തേടിയത്തെിയത്. എന്നാല്‍, അച്ഛന്‍െറ സംഗീതത്തില്‍ പാടിയ പാട്ടിനുതന്നെ ആദ്യ സംസ്ഥാന അവാര്‍ഡില്‍ കിട്ടിയ സന്തോഷത്തിലാണ് പ്ളസ്വണ്‍കാരി മധുശ്രീ. അഞ്ചുവര്‍ഷം മുമ്പാണ് രമേശ് നാരായണ്‍ മധുശ്രീയെക്കൊണ്ട് ഇടവപ്പാതിക്കായി പശ്യതി ദിശി ദിശി എന്ന ഗാനത്തിന്‍െറ ട്രാക് പാടിപ്പിക്കുന്നത്. മധുശ്രീയുടെ പാട്ടുകേട്ട സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനാകാട്ടെ  മധുവിന്‍െറ പാട്ട് മതി ചിത്രത്തിലും എന്ന് ശാഠ്യം പിടിക്കുകയായിരുന്നു.
എന്നാല്‍, ചിത്രത്തില്‍ മുഖ്യകഥാപാത്രമായ നടി മനീഷ കൊയ്രാള ചികിത്സയില്‍ പ്രവേശിച്ചതോടെ ചിത്രം മുടങ്ങി. അഞ്ചുവര്‍ഷത്തിനുശേഷമാണ് ചിത്രവും പാട്ടും പൊടിതട്ടിയെടുത്തത്.
ഇതിനിടെ, മധുശ്രീയുടെ സ്വരം മാറിയതിനാല്‍ അഞ്ചുമാസം മുമ്പ് മധുശ്രീയെക്കൊണ്ട് വീണ്ടും പാടിക്കുകയായിരുന്നെന്ന് രമേശ് നാരായണ്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കാര്‍മല്‍ സ്കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയായ മധുശ്രീ അവാര്‍ഡ് വിവരം അറിയുമ്പോള്‍ ക്ളാസിലായിരുന്നു. പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്നാണ് സന്തോഷവാര്‍ത്ത അറിയിച്ചത്. തുടര്‍ന്ന് സ്കൂള്‍ വാഹനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ആഘോഷപൂര്‍വം ‘ജസ്രംഗി’യില്‍ എത്തിച്ചു.
മൂന്നുവയസ്സുമുതലാണ് മധുശ്രീ രമേശ് നാരായണിന് കീഴില്‍ സംഗീതം അഭ്യസിച്ചുതുടങ്ങുന്നത്. കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മധുശ്രീ നേതൃത്വം നല്‍കിയ ടീമിനായിരുന്നു സംഘഗാനത്തില്‍ ഒന്നാംസ്ഥാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.