സ്വതന്ത്ര സിനിമകൾക്ക് മുന്നിലെ ബുദ്ധിമുട്ടുകളെ നേരിടുക -സുദേവൻ

കേരള സർക്കാറിന്‍റെ 2013-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ചലച്ചിത്രമായ സി.ആർ. നമ്പർ-89 ന്‍റെ സംവിധായകനായ സുദേവൻ നാലുവർഷത്തെ ഇടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് അകത്തോ പുറത്തോ. പുതിയ സിനിമയെ കുറിച്ച് സുദേവൻ സംസാരിക്കുന്നു.


എന്താണ് ഈ അകത്തോ പുറത്തോ?

ക്രൈം നമ്പർ 89 എന്ന സിനിമക്ക് ശേഷം ഞാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് അകത്തോ പുറത്തോ. അകത്തൊ പുറത്തോ സിനിമ വാസ്തവത്തിൽ ഒരു നാല് ഷോർട്ട് ഫിലിമുകളുടെ  പാക്കേജാണ്. അതായത് അതിനകത്തെ നാലു സിനിമകളും പറയുന്നത് മരണവുമായി ബന്ധപ്പെട്ടുള്ള കഥകളാണ്. ഈ നാലു കഥകളും വിത്യസ്തമായ രീതിയിലുള്ള മരണങ്ങളെയാണ് കാണിക്കുന്നത്.

ക്രൈം നമ്പർ 89 എന്ന സിനിമയ്ക്കുശേഷം ഇത്തരത്തിലൊരു പുതിയ സിനിമയിലേക്ക് വരുവാൻ ചെറുതല്ലാത്തൊരു കാലയളവ് തന്നെ എടുത്തു. അതിനു പുറകിലെ കാരണം?

ശരിയാണ്. ക്രൈം നമ്പർ 89 എന്ന സിനിമക്ക് ശേഷം നാലു വർഷമെടുത്തു ഈ ഒരു സിനിമക്കായി. അതിന് പ്രധാന കാരണം ഈ സിനിമ നിർമ്മിക്കുന്നത് ഫേസ് ട്രസ്റ്റ് എന്ന ഒരു ഗ്രൂപ്പാണ്. ആ ഗ്രൂപ്പിന് സിനിമ പിടിക്കുവാൻ ആവശ്യമായ പണം സ്വരൂപിക്കാനുള്ള കാലയളവ് ആയിരുന്നു ക്രൈം നമ്പർ മുതൽ അകത്തോ പുറത്തോ എന്ന സിനിമ വരെ എടുത്തത്. ക്രൈം നമ്പർ എന്ന സിനിമ എടുത്തിനു ശേഷം ആ സിനിമ എല്ലായിടത്തും കൊണ്ട് നടന്നു പ്രദർശിപ്പിക്കുകയും സംഭാവന കളക്ട് ചെയ്യുകയും ചെയ്തു. പണം സ്വരൂപിച്ചതിനു ശേഷമാണ് ഈ സിനിമ എടുത്തത്. ഇത്തരത്തിൽ സിനിമ പിടിക്കുവാൻ ആണ് ട്രസ്റ്റ് തീരുമാനിച്ചിരുന്നത്. ഇനി അകത്തോ പുറത്തോ എന്ന സിനിമയും ഇതുപോലെ പലയിടങ്ങളിലായി പ്രദർശനം നടത്തുകയും ആ പ്രദർശനത്തിൽ നിന്ന് എത്ര തുകയാണോ കിട്ടുന്നത് അതിൽ സാധ്യമായ ഒരു സിനിമ തീർച്ചയായും പിടിച്ചിരിക്കും. ഇനി അത്തരത്തിൽ പണമൊന്നും ലഭിച്ചില്ലെങ്കിൽ  നമ്മൾ പഴയതുപോലെ ഹാൻഡി ക്യാമറയിലോ അല്ലെങ്കിൽ സാധ്യമാകുന്നതായ ചെറിയ രീതിയിലോ ചെയ്യും.

മുൻപേ പറഞ്ഞതുപോലെ നാല് ഷോർട്ട് ഫിലിമുകൾ ചേർത്ത് അകത്തോ പുറത്തോ എന്ന ഒരു സിനിമയെടുക്കുന്നു. അത്തരത്തിലൊരു ശ്രമത്തിനു പുറകിലെ കാരണം?

അകത്തോ പുറത്തോ എന്ന വിഷയം ആവശ്യപ്പെടുന്നത് അത്തരമൊരു നരേഷൻ ആണ്. പലതരത്തിലുള്ള മരണങ്ങളാണ് ചിത്രം പറയുന്നത്. മനുഷ്യനല്ലാത്ത മറ്റു ജീവജാലങ്ങളുടെയും മരണം എന്ന അവസ്ഥ ഫേസ് ചെയ്യുന്ന രീതിയിലുള്ള സംഭവങ്ങളാണ് ഓരോ ഷോട്ട് ഫിലിമുകളിലൂടെയും പറയാൻ ശ്രമിച്ചിട്ടുള്ളത്. അതെല്ലാം ഒരൊറ്റ കഥയായി പറയാൻ സാധിക്കാത്തതുകൊണ്ട് നമ്മളത് ചെറിയ ചെറിയ വിഷ്വൽ പാക്കേജുകൾ ആക്കിയിട്ടാണ് അവതരിപ്പിക്കുന്നത് അല്ലെങ്കിൽ പ്രേക്ഷകർക്ക് മുൻപിലേക്ക് കൊണ്ടുവരാനായി ശ്രമിക്കുന്നത്.

സ്വതന്ത്ര സിനിമകളോടുള്ള സർക്കാറിന്‍റെ നിലപാട്  നമുക്കെല്ലാം വ്യക്തമാണ്. അത്തരത്തിലൊരു അകൽച്ച  ഇത്തരം സിനിമകളോട് സർക്കാർ കാണിക്കുമ്പോൾ സിനിമ എങ്ങനെ തിയറ്ററുകൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കും എന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?

ഇല്ല നമ്മൾ അങ്ങനെയൊന്നും ആലോചിക്കാറില്ല. അത്തരത്തിലുള്ള പദ്ധതികളെക്കുറിച്ച് ചിന്തിക്കാറുമില്ല. സാധ്യമായ രീതിയിൽ സിനിമ എന്ന മാധ്യമത്തിൽ എങ്ങനെ വർക്ക് ചെയ്യാം എന്നു മാത്രമാണ് ചിന്തിച്ചിട്ടുള്ളത്. ഇത്തരം സിനിമകൾ നോർമൽ ആയിട്ട് വരാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം നമ്മൾ പ്രദർശിപ്പിക്കുകയും താല്പര്യമുള്ള ഇടങ്ങൾ, താല്പര്യമുള്ള ആളുകൾ, താല്പര്യമുള്ള സംഘടനകൾ, ഫിലിം സൊസൈറ്റികൾ, ഫിലിം ഫെസ്റ്റിവലുകൾ തുടങ്ങിയ സാധ്യതകൾ കണ്ടെത്തുകയും ഇനി അതല്ല  സിനിമ കാണാൻ താൽപര്യമുള്ളവർക്ക് ഡിവിഡി വഴിയായും കൊടുക്കുകയും ചെയ്യും. തിയേറ്റർ എന്നുള്ള രീതിയിലേക്ക് നമ്മളെ സിനിമ ആകർഷിച്ചിട്ടില്ല. നമ്മുടെ ഈ ഗ്രൂപ്പിന്റെ കാര്യമാണ് ഈ പറയുന്നത് കേട്ടോ. പൊതുവായിട്ടുളതല്ല.

ജനകീയമായ രീതിയിൽ  സംഭാവനകളിലൂടെ പണം സ്വരൂപിച്ച് സിനിമ ചെയ്യുകയെന്നത് എത്രത്തോളം സാധ്യമാണ് ?

കൃത്യമായിട്ട് എനിക്കറിയില്ല. പക്ഷേ അങ്ങിനെ സിനിമയെടുക്കാനാവും. സിനിമ കാണുകയും ആ സിനിമയെ  ഇഷ്ടപ്പെടുകയും ചെയുന്ന ആളുകൾ  സാധ്യമായ പണം തരുന്ന രീതിയിൽ ആണ് നമ്മുടെ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. അകത്തോ പുറത്തൊ എന്ന സിനിമ കണ്ടിട്ട് ഇഷ്ടപ്പെടാതെ വന്നാൽ ആളുകൾ സ്വാഭാവികമായിട്ടും നമുക്ക് പണം തരാതിരിക്കും. അപ്പോൾ തീർച്ചയായും ആ ഗ്രൂപ്പ് സ്വാഭാവികമായിട്ടും  ഇല്ലാതാകും. അങ്ങനെയാണെങ്കിൽ പോലും അത് സ്വാഗതം ചെയ്യും. സ്വാഭാവികമായിട്ടങ്ങനെ ഇല്ലാതാവുകയാണ് എങ്കിൽ കുഴപ്പമില്ല. അല്ലാതെ മോശം സിനിമ ഇവിടെ നിലനിൽക്കേണ്ട കാര്യമില്ലല്ലോ.

ഈ ഫാസിസ്റ്റ് കാലത്തെ സ്വതന്ത്ര സിനിമകളെക്കുറിച്ചുള്ള അഭിപ്രായം?

സ്വതന്ത്ര സിനിമകൾ എക്കാലത്തും ഇത്തരം പരീക്ഷണങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും തന്നെയാണ് കടന്നുവന്നിട്ടുള്ളത്. അത് നേരിടുവാനും തയ്യാറാവുക എന്നതു മാത്രമാണ് ചെയ്യാനുള്ളത്.

Tags:    
News Summary - Sudevan Interview-Movie Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.