ജുവൽ മേരിയുടെ വിശേഷങ്ങൾ...

മണിച്ചിത്രത്താഴ് പല പ്രാവശ്യം കണ്ട് അതിലെ ശോഭനയുടെ കഥാപാത്രമായ നാഗവല്ലിയെ അനുകരിച്ച് സ്റ്റൂള്‍ എടുത്തുപൊക്കി “വിടമാട്ടേ”യെന്ന് പറഞ്ഞു നടന്നിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു തൃപ്പുണിത്തുറയില്‍. പിന്നീട് ആ പെണ്‍കുട്ടി വലുതായപ്പോള്‍ ടെലിവിഷന്‍ അവതാരകയായി. പിന്നീട് സലീം അഹമ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പത്തേമാരിയിലൂടെ നായികയായി ശ്രദ്ധിക്കപ്പെട്ടു. കമല്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഉട്ടോപ്യയിലെ രാജാവിലും നായികയായി. ഒരേ മുഖത്തിലും അഭിനയിച്ചു. ആസിഫലിയുടെ ഇറങ്ങാനിരിക്കുന്ന തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിലും ശ്രദ്ധേയ കഥാപാത്രമായുണ്ട്.
ജുവല്‍ മേരി തന്‍െറ സിനിമ വിചാരങ്ങള്‍ ‘മാധ്യമം’ ഓണ്‍ലൈനുമായി പങ്കുവെക്കുന്നു.

ആദ്യഭിനയം
സ്റ്റേജ് അവതാരകയായാണ് രംഗത്തുവന്നത്. 250ഓളം സ്റ്റേജുകളിൽ അവതാരകയായിരുന്നു. അവിടെ നിന്നാണ് മഴവില്‍ മനോരമയില്‍ ഒഡീഷനിലൂടെ ഡി4 ഡാന്‍സറിന്‍റെ അവതാരകയാവുന്നത്. ഇപ്പോഴും ഒരുപാട് സ്റ്റേജ് ഷോ ചെയ്യുന്നുണ്ട്.
സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നത് പത്തേമാരിയിലാണ്. അത് കഴിഞ്ഞ് ഉട്ടോപ്യയിലെ രാജാവ്. എന്നാല്‍ ആദ്യം റിലീസായത് ഉട്ടോപ്യയിലെ രാജാവായിരുന്നു.  ഡി4 ഡാന്‍സ് കണ്ടിട്ടാണ് പത്തേമാരിയിലേക്ക് സംവിധായകൻ ക്ഷണിച്ചത്.

പത്തേമാരിയിലെ നളിനി
നളിനിയെന്ന കഥാപാത്രം മമ്മുക്കയുടെ പിന്തുണയാല്‍ നന്നായി ചെയ്യാനായി. ഗൾഫ് പ്രവാസികളുടെ ഭാര്യമാരെ അറിയാം. പിന്നെ ചാലക്കുടിയിലുള്ള സുഹൃത്തിന്‍െറ അമ്മ അല്ലി ഇതുപോലെയാണ്. ഓടിട്ട ചെറിയ വീട്. വിവാഹിതയായത് മുതല്‍ ഭര്‍ത്താവ് ഗള്‍ഫിലാണ്. വളരെ സ്നേഹനിധിയാണ് അവര്‍. ഷൂട്ടിങ്ങിന് കുറെ നാള്‍ മുമ്പ് അവരുടെ അടുത്തു പോയി സാരിയൊക്കെയുടുത്ത് ആരുമറിയാതെ താമസിച്ചിരുന്നു. ചാലക്കുടിയിലെ ഒരു ഉള്‍ഗ്രാമത്തിലായിരുന്നു അവരുടെ വീട്. ഇല്ലെങ്കില്‍ എനിക്കറിയാത്ത വ്യക്തിയുടെ സ്വാഭാവികത എനിക്ക് വരില്ലായിരുന്നു.

മമ്മൂട്ടി
പത്തേമാരിയുടെ പൂജയുടെ സമയത്താണ് മമ്മുക്കയെ ആദ്യമായി കാണുന്നത്. അദ്ദേഹം നല്ല ഫ്രണ്ട് ലിയായിരുന്നു. അതിനാൽ തന്നെ സിനിമയിൽ ടെന്‍ഷനില്ലാതെ അഭിനയിക്കാനായി. മമ്മൂട്ടിയെ വലിയ പേടിയായിരുന്നു. അടുത്ത് പോകുകയോ സംസാരിക്കുകയോ ചെയ്യാറില്ലായിരുന്നു. എന്നാല്‍ അദ്ദേഹം എന്നെ അടുത്ത് വിളിച്ച് കുട്ടി ഇരിക്കൂ, കുട്ടിക്ക് കസേര നല്‍കൂ എന്നൊക്കെ പറയും. എന്നാല്‍ ‘കുട്ടി’ എപ്പോഴും ഭയത്തിലായിരുന്നു. ഒന്നും സംസാരിച്ചില്ലെങ്കിലും അവര്‍ സംസാരിക്കുന്നിടത്ത് എന്നെ പിടിച്ചിരുത്തും.
എന്നെ ബഹുമാനിച്ചോളൂ എന്നാല്‍ അഭിനയിക്കുമ്പോള്‍ എനിക്ക് മുകളില്‍ വരണമെന്ന് മമ്മൂക്ക എപ്പോഴും പറയുമായിരുന്നു.നല്ല പിന്തുണയായിരുന്നു അദ്ദേഹം.

പ്രതികരണം
നല്ല പ്രതികരണമായിരുന്നു. മൂന്ന് പ്രാവശ്യം തിയറ്ററില്‍ പോയി കണ്ടു. ആദ്യ പ്രാവശ്യം സിനിമ കാണാന്‍ പോയപ്പോള്‍ ഹൗസ്ഫുള്‍ ആയിരുന്നു. രണ്ടാം തവണ സിനിമ കാണാനായി എറണാകുളം സിനി പാലസിൽ പോയപ്പോൾ ഒരു സംഭവമുണ്ടായി. ഒരു കൂട്ടം യുവാക്കൾ തന്‍റെ മുമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ യുവാവ് ഏങ്ങലടിച്ച് കരയുന്നതാണ് കണ്ടത്. അച്ഛനമ്മമാരെ അനുസരിക്കാത്ത കുട്ടികളെ ഈ ചിത്രം കാണിക്കണമെന്നാണ് പഠിപ്പിച്ച സിസ്റ്റേഴ്സ് പറഞ്ഞത്.

വീണ്ടും മിനി സ്ക്രീനില്‍
അതിന് ശേഷം ടീവിയില്‍ ദേ ഷെഫ് ചെയ്തു. അതിനാലാണ് രണ്ട് ചിത്രം കഴിഞ്ഞ് ഇടവേള വന്നത്. ടി.വി പ്രോഗ്രാം ഉള്ളതിനാല്‍ നീണ്ട സമയത്തേക്ക് ഒരു കമ്മിറ്റ്മെന്‍റ് ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ ഒന്നുരണ്ട് പ്രോജക്റ്റ് ഉപേക്ഷിക്കേണ്ടി വന്നു. ചാനലില്‍ ഡേറ്റ് കൊടുത്തു കഴിഞ്ഞതിനാല്‍ സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. എനിക്ക് ടീവിയും സിനിമയും ഒരുപോലെ ഇഷ്ടമാണ്.

മറ്റു കഥാപാത്രങ്ങള്‍
ഒരേ മുഖത്തില്‍ ഒരു അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകയായിരുന്നു. അതിലെ കഥയുടെ പോക്ക് തന്നെ എന്‍െറ വീക്ഷണത്തിലൂടെയാണ്. പഴയ കാലവും പുതിയ കാലവുമുണ്ട്.  ഞാന്‍ പുതിയ കാലത്താണുള്ളത്. നല്ല കഥാപാത്രമായിരുന്നു. സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും എന്നിലൂടെയാണ്.  തൃശ്ശിവ പേരൂര്‍ ക്ളിപ്തത്തില്‍ സുനിത ഐ.പി.എസ് എന്ന പ്രാധാന്യമുള്ള കഥാപാത്രമാണ്്. അത് കഴിഞ്ഞ് കുറച്ച് അവാര്‍ഡ് നൈറ്റും ടി വി പരിപാടികളുമുണ്ട്.  

വീട്ടുകാരുടെ ആഗ്രഹം
മാധ്യമ പ്രവര്‍ത്തകയാകാനായിരുന്നു ആഗ്രഹം. വീട്ടുകാരുടെ ഇഷ്ടത്തിനാണ് നഴ്സിങ് പഠിക്കാന്‍ പോയത്. ഒരു യാഥാസ്ഥിതിക കത്തോലിക്ക കുടുംബമാണ് എന്‍േറത്. ബന്ധുക്കള്‍ ആസ്ട്രേലിയയിലൊക്കെ നഴ്സുമാരായുണ്ട്. അവരെ കണ്ടാണ് സുരക്ഷിത ജോലി എന്ന നിലക്ക് നഴ്സിങ് പഠിച്ചത്. അച്ഛന്‍ സിബി ആന്‍റണി എഫ്.എ.സി.ടി (FACT)യില്‍ ടെക്നീഷ്യനാണ്. നല്ല കലാകാരനാണ്. പഴയ നാടക കലാകാരൻ കൂടിയാണ്. എഫ്.എ.സി.ടിയുടെ ലളിതകലാകേന്ദ്രമുണ്ട്. ചെറുപ്പത്തില്‍ ഞാന്‍ കണ്ട് വളര്‍ന്നത് അച്ഛന്‍െറ നാടക പ്രവര്‍ത്തനങ്ങളാണ്.

എഴുത്തും വായനയും
എട്ടാം ക്ളാസ് മുതല്‍ എഴുത്തും വായനയുമുണ്ട്. സിനിമയിലത്തെുവോളം അത് തുടര്‍ന്നു. എല്ലാ പുസ്തകങ്ങളും വായിക്കുമായിരുന്നു. പുസ്തകങ്ങളുടെ ഒരു കലക്ഷന്‍ തന്നെ കൈയിലുണ്ട്. ഫിക്ഷനാണ് ഏറെ ഇഷ്ടം. ഇപ്പോഴത്തെ സമയക്കുറവ് വായനക്ക് തടസമാണ്.
അടുത്ത് വായിച്ചത് അമേരിക്കന്‍ എഴുത്തുകാരനായ ആര്‍തര്‍ ഗോള്‍ഡന്‍െറ ബെസ്റ്റ് സെല്ലറായ 'മെമ്മറീസ് ഓഫ് എ ഗീഷ' എന്ന കൃതിയാണ്.

മണിച്ചിത്രത്താഴ്
എല്ലാ ഭാഷകളിലുമുള്ള ചിത്രങ്ങൾ കാണാറുണ്ട്. ഓരോ കാലത്തും ഓരോ ഇഷ്ടങ്ങളാണ്. മലയാളത്തില്‍ എക്കാലത്തേയും ഇഷ്ടപ്പെട്ട സിനിമ മണിച്ചിത്രത്താഴാണ്. ഇരുപത് പ്രാവശ്യത്തിലേറെ ആ ചിത്രം കണ്ടിട്ടുണ്ട്. ഇത്രയും ആകാംക്ഷയും താല്‍പര്യവും വേറെ ഒരു സിനിമയോടും തോന്നിയിട്ടില്ല. ഇപ്പോഴും ആ ചിത്രം ടി.വിയിൽ വന്നാല്‍ ഇരുന്ന് കാണും. ശോഭന അഭിനയിക്കുന്നത് കണ്ട് ചെറുപ്പത്തില്‍ സ്റ്റൂള്‍ പൊക്കി “വിടമാട്ടെ” എന്ന് പറഞ്ഞ് നടക്കുമായിരുന്നു. ശോഭനയെ പോലെ നൃത്തം ചെയ്യാനും ശ്രമിക്കുമായിരുന്നു. എന്നാല്‍ ശോഭനയെ പോലെ അഭിനയിക്കാന്‍ ഈ ജന്മത്തില്‍ കഴിയുമെന്ന് കരുതുന്നില്ല. അവരുടെ കൈവിരലിന്‍െറ ചലനം വരെ ആ സിനിമയില്‍ നമ്മളെ പിടിച്ചിരുത്തുന്നുണ്ട്. ആ ഒറ്റ സീനാണ് സിനിമയിലേക്ക് ആകര്‍ഷിച്ചത്. ചെറുപ്പത്തിലേ ശോഭന ഫാനാണ്.

നായകന്മാര്‍
നായകന്‍മാരില്‍ മമ്മൂക്ക, മോഹന്‍ലാല്‍, ജയറാമേട്ടന്‍ അങ്ങനെ എല്ലാവരെയും ഇഷ്ടമാണ്. ചെറുപ്പത്തില്‍ ഇവരെല്ലാം ഇഷ്ടതാരങ്ങളായിരുന്നു.

നല്ല കഥാപാത്രങ്ങള്‍ മാത്രം
കഥയും കഥാപാത്രങ്ങളും നല്ലതാണെങ്കില്‍ ഏത് ഭാഷയിലും അഭിനയിക്കും. എന്‍െറ സദാചാര വിശ്വാസങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യും. അതല്ലാത്തത് എത്ര പ്രസിദ്ധിയുണ്ടാകുമെന്ന് പറഞ്ഞാലും എത്ര പണം തരാമെന്ന് പറഞ്ഞാലും സ്വീകരിക്കില്ല.
അതില്‍ വീട്ടുകാരുടെ പിന്തുണയുണ്ട്. വീട്ടുകാരുടെ പൂര്‍ണ പിന്തുണയുണ്ട്. ഒരു ലക്ഷ്യത്തിലെത്തിച്ചരാന്‍ പല വഴികളിലൂടെയും പോകാം. ഞാന്‍ നേരെ വാ നേരെ പോ എന്ന രീതിയിലാണ്. ആരുടെ മുമ്പിലും മുട്ടുമടക്കുന്നില്ല. അതുകൊണ്ട് തന്നെ വീട്ടുകാര്‍ക്കും പ്രശ്നമില്ല.

 

Tags:    
News Summary - Jewel Mary interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.