ചലച്ചിത്രസംവിധാനത്തില്‍ താങ്കള്‍ക്ക് ഒരു റോള്‍മോഡലുണ്ടോ, താങ്കളുടെ ശൈലിയെ സ്വാധീനിച്ച സംവിധായകര്‍ ആരെങ്കിലും?

അങ്ങനെ ആരുമില്ല. വാസ്തവത്തില്‍ ഞാന്‍ ചെയ്യുന്ന ചിത്രങ്ങള്‍ ഒന്നും എന്‍െറ ചലച്ചിത്രതാല്‍പര്യങ്ങള്‍ക്ക് അനുസരിച്ചല്ല. തര്‍ക്കോവ്സ്കി, ഹരുണ്‍ ഫറോക്കി  തുടങ്ങിയവരുടെ ചിത്രങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതാണ്. ഹെര്‍സോഗിന്‍െറ കൊളോണിയലായ ചലച്ചിത്രരീതികളോട് എതിര്‍പ്പുകളുണ്ടെങ്കിലും അദ്ദേഹത്തിന്‍െറ ചിത്രങ്ങളും ഇഷ്ടമാണ്. പക്ഷേ, അങ്ങനെ ഒന്നല്ല ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ഒരര്‍ഥത്തില്‍ വലിയ നല്ല സിനിമകളുടെ സ്വാധീനമില്ല എന്നത് എന്‍െറ സ്വന്തം സിനിമാ സങ്കല്‍പങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിച്ചു. ‘പ്രദക്ഷിണ’ (Pradakshina) എന്ന പേരില്‍ 80കളുടെ മധ്യത്തില്‍ ഒരു ടെലിഫിലിം യാത്രാപരമ്പര ചെയ്തിരുന്നു. ഗംഗയിലൂടെയുള്ള യാത്രയെ കുറിച്ചായിരുന്നു അത്. സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തുകയായിരുന്നു ഞങ്ങള്‍. അതിനും ഒരു വര്‍ഷം ശേഷമാണ് വിദേശപരിപാടികള്‍ കാണുന്നതും ടെലിയാത്ര പരമ്പരകളുണ്ടെന്ന് അറിയുന്നതും. എന്‍െറ സുഹൃത്തുക്കളുടെ സിനിമകളാണ് എന്നെ ഏറെ സ്വാധീനിച്ചത്. മഞ്ജിരദത്തയുടെയും എന്‍െറ മിക്ക ചിത്രങ്ങളുടെയും കാമറചെയ്ത രഞ്ജന്‍ പലിത്തിന്‍െറയും സിനിമകള്‍ എന്‍െറ ചലച്ചിത്രജീവിതത്തിലെ നിര്‍ണായക സ്വാധീനങ്ങളാണ്. ക്ളാസിക്കുകളില്‍നിന്നും പ്രമുഖരില്‍നിന്നും മാത്രമല്ല പ്രചോദനമുണ്ടാവുക. സമകാലികരായ, അപ്രസക്തം എന്നു തോന്നിക്കുന്ന ചിത്രങ്ങളും നമുക്ക് പ്രചോദനമാകാം. അസാധാരണമായ സാമ്പ്രദായികമല്ലാത്ത ഒരു ചലച്ചിത്രമാണ് രഞ്ജന്‍ പലിത്തിന്‍െറ ദ സാക്രിഫൈസ് ഓഫ് ബാബുലാല്‍ ഭൂയന്‍ (The Sacrifice of Babulal Bhuiyan).

അടിയന്തരാവസ്ഥ ആനന്ദ് പട് വര്‍ധനെപോലെ ധാരാളം സംവിധായകരെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ ഒന്നായിരുന്നു. താങ്കളെ എങ്ങനെയാണ് അടിയന്തരാവസ്ഥ ബാധിച്ചത്?
അടിയന്തരാവസ്ഥ നിലവില്‍ വരുമ്പോള്‍ ഞാന്‍ സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ ബിരുദ വിദ്യാര്‍ഥിയാണ്. സെന്‍റ് സ്റ്റീഫന്‍സ് കോളജ് ഒരുപക്ഷേ അന്നും ഇന്നും ഏറ്റവും അരാഷ്ട്രീയമായ ഒരിടമാണ്. രാഷ്ട്രീയപരമായി അവിടെയുള്ളത് കോളജ്കെട്ടിടത്തിന്‍െറ ചുവരിലെ മങ്ങിയ ഒരു മുദ്രാവാക്യമാണ്: നക്സല്‍ബാരി സിന്ദാബാദ്. യൂനിയന്‍ ഭാരവാഹികളെ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കാതെ പ്രിന്‍സിപ്പല്‍ നിയമിക്കുന്ന രീതിയുള്ള ഒരു കാമ്പസ്. നിലവില്‍ ബി.ജെ.പിയുടെ രാജ്യസഭാ എം.പിയായ ചന്ദന്‍ മിത്രയായിരുന്നു അക്കൊല്ലത്തെ വിദ്യാര്‍ഥി പ്രതിനിധി. ഒരു പുരോഗമനപരമായ കാമ്പസോ അന്തരീക്ഷമോ ആയിരുന്നില്ല അവിടം. പക്ഷേ, ഒരു വ്യക്തി എന്ന നിലയില്‍ എന്‍െറ ജീവിതത്തില്‍ അടിയന്തരാവസ്ഥക്ക് സ്വാധീനമുണ്ട്. എഴുത്തുകാരും കലാകാരന്മാരും രാജ്യനിര്‍മാണത്തില്‍ ഉന്നതമായ ഒരു പങ്കുവഹിക്കുന്നവരാകയാല്‍ മാറ്റിനിര്‍ത്താന്‍ സാധിക്കില്ളെന്ന ബോധ്യത്തിനേറ്റ വലിയൊരു തിരിച്ചടിയായിരുന്നു അടിയന്തരാവസ്ഥ. രാജ്യവും അവരും തമ്മിലുള്ള ബന്ധം തകര്‍ന്നു. പ്രത്യക്ഷ രാഷ്ട്രീയത്തിലേക്ക് വരുന്നത് പിന്നെയാണെങ്കിലും അന്നും സമൂഹത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. എന്‍െറ ആദ്യകാല ചിത്രങ്ങളില്‍ പ്രകടമായ രാഷ്ട്രീയമില്ളെങ്കിലും എന്‍െറ ചിത്രങ്ങള്‍ക്കെല്ലാം ഒരേ രാഷ്ട്രീയമാണ്. ഒരേ സ്വഭാവമാണ്.

അഭിമുഖത്തിന്‍െറ പൂര്‍ണരൂപം മാധ്യമം ആഴ്ചപ്പതിപ്പില്‍

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.