ദുല്‍ഖറിന് അവാര്‍ഡ് ലഭിച്ചത് ഏറെ സന്തോഷിപ്പിക്കുന്നു -മാര്‍ട്ടിന്‍ പ്രക്കാട്ട്

തനിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചതിനേക്കാള്‍ സന്തോഷം ഏറെ സ്നേഹിക്കുകയും  ആദരിക്കുകയും ചെയ്യുന്ന മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള ആദ്യഅവാര്‍ഡ് തന്‍െറ സിനിമയിലൂടെ ലഭിച്ചതിനാണെന്ന് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്. അവാര്‍ഡ് ലഭിച്ചതിന്‍്റെ സന്തോഷത്തില്‍ മാര്‍ട്ടിന്‍ മാധ്യമം ഓണ്‍ലൈനോട് സംസാരിക്കുന്നു

സിനിമകള്‍
മമ്മൂട്ടി നായകനായ  ‘ബെസ്റ്റ് ആക്ടര്‍’ ആയിരുന്നു എന്‍െറ ആദ്യ സിനിമ. രണ്ടാമത് ദുല്‍ക്കറിനെ നായകനാക്കി ‘എ.ബി.സി.ഡി’ ഒരുക്കി. മൂന്നാമത്തെ സിനിമയാണ് ‘ചാര്‍ലി’. എട്ട് അവാര്‍ഡുകളാണ് ചാര്‍ലി വാരിക്കുട്ടിയത്. ഒരിക്കലും ഇത്രയും അവാര്‍ഡ് പ്രതീക്ഷിച്ചില്ല. മികച്ച സംവിധായകനുള്ള അവാര്‍ഡിന് പുറമെ ചിത്രത്തിന്‍്റെ കഥ എഴുതിയ ആര്‍. ഉണ്ണിക്കൊപ്പം മികച്ച തിരക്കഥക്കുള്ള അവാര്‍ഡും എന്നെ തേടിയത്തെിയതില്‍ അതിയായ സന്തോഷമുണ്ട്.

ചാര്‍ലി
ചാര്‍ലി ഒരു ടീം വര്‍ക്കായിരുന്നു. ഇത്രയും അവാര്‍ഡ് ലഭിച്ചതും ടീം വര്‍ക്കിന്‍െറ  ഫലമായാണ്. ദുല്‍ഖര്‍ മറ്റ് സിനിമകള്‍ മാറ്റിവെച്ച് തന്നോടൊപ്പം എട്ടുമാസമാണ് ചെലവഴിച്ചത്. അതിനായി മാത്രം താടി വളര്‍ത്തി. പാര്‍വതിയും ഏറെ സഹകരിച്ചു. ആര്‍ട്ട് സിനിമയെന്നോ കോമേഴ്സ്യല്‍ സിനിമയെന്നോ വേര്‍ തിരിവില്ലാതെയാണ് താന്‍ സിനിമയെ സമീപിക്കുന്നത്. ജനങ്ങള്‍ അംഗീകരിക്കുന്ന മികച്ച ഒരു സിനിമ ഒരുക്കണമെന്നുമാത്രമാണ് ചാര്‍ലിയെ തെരഞ്ഞെടുക്കുമ്പോള്‍ ഉദ്ദേശിച്ചിരുന്നുള്ളു. ടീം വര്‍ക്കിലൂടെ അത് സാധ്യമായി. സിനിമ ഇറങ്ങിയപ്പോള്‍ തന്നെ പ്രിയദര്‍ശന്‍ അടക്കം കേരളത്തിലെയും തമിഴിലെയും വലിയ സംവിധായകരെല്ലാം എന്നെ വിളിച്ച് അഭിനന്ദിച്ചു.

അവാര്‍ഡ് വാര്‍ത്ത കേള്‍ക്കാന്‍ നടി കല്‍പന ഇല്ല...
കല്‍പന അവസാനമായി അഭിനയിച്ചത് ചാര്‍ലിയിലാണ്. ചിത്രീകരണസമയത്ത് തന്നെ ദുല്‍ഖറിന് അവാര്‍ഡ് ലഭിക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. ഒപ്പം ചിത്രം ഏറെ ശ്രദ്ധിക്കപെടുമെന്നും കല്‍പന അന്ന് പറഞ്ഞുവെച്ചു.

അവാര്‍ഡ് ഗുരുക്കന്‍മാര്‍ക്ക്
തന്നെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ അന്‍വര്‍ റഷീദ്, റാഫി പിന്നെ മമ്മുക്ക എല്ലാവരോടും നന്ദിയുണ്ട്. മമ്മുക്കയാണ് മാര്‍ഗദര്‍ശി, ഫോട്ടോഗ്രാഫറായിരുന്ന എന്നെ സിനിമയിലേക്ക് നയിച്ചത് അദ്ദേഹമാണ്.

ജോജോക്കും അവാര്‍ഡ്
ചാര്‍ലിയുടെ നിര്‍മ്മാതാക്കളില്‍ ഒരാളും നടനുമായ ജോജോ ജോര്‍ജിന് മികച്ച നടനുള്ള പ്രത്യേക പുരസ്ക്കാരം ലഭിച്ചതിലും സന്തോഷമുണ്ട്. ലൂക്കാചുപ്പി, ഒരു സെക്കന്‍റ് ക്ളാസ് യാത്ര എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജോക്ക് അവാര്‍ഡ് ലഭിച്ചത്.
ചാനലുകള്‍ അവാര്‍ഡ് നല്‍കിയപ്പോള്‍ ചാര്‍ലിയെ പൂര്‍ണ്ണമായി തഴഞ്ഞു. എന്നാല്‍ അത് വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല.

കുടുംബം
ഭാര്യ മഞ്ജുവിന്‍്റെയും മക്കളായ ദാവീദ്, ജോഷ്വാ, റെബേക്ക എന്നിവരുടെയും പൂര്‍ണ പിന്തുണയുണ്ട്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.