ബംഗളൂരു: നമ്മ മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും വിഡിയോകളും പകർത്തി പിന്നീട് അവ സമൂഹ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തതിന് യുവാവിനെ അറസ്റ്റ് ചെയ്തു. തിഗലാർപാളയ പ്രദേശത്തെ വീട്ടിൽ നിന്നാണ് കെ. ദിഗന്തിനെ (27) പിടികൂടിയത്. മേയ് 20ന് ബനശങ്കരി പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. യുവാവ് മുരുഗേഷ് പാല്യയിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ (സൗത്ത്) ലോകേഷ് ബി. ജഗലാസർ പറഞ്ഞു.
ജോലിക്കു പോകുമ്പോഴും വരുമ്പോഴും സ്ത്രീകളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ വിഡിയോ ചിത്രീകരിക്കുകയും വിഡിയോകൾ ഒരു ഇൻസ്റ്റഗ്രാം പേജിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നു. 6000ത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ട് പിന്നീട് ഡിലീറ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
മേയ് 20ന് പതിവ് അന്വേഷണത്തിന്റെ ഭാഗമായി സംശയാസ്പദമായ പോസ്റ്റുകൾക്കായി പൊലീസ് സമൂഹ മാധ്യമങ്ങളിൽ പരിശോധിച്ചപ്പോഴാണ് ഈ വിഷയം പുറത്തുവന്നത്. അവലോകനത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ലഭിച്ചു. അതിൽ മെട്രോ കോച്ചുകൾക്കുള്ളിലും സ്റ്റേഷൻ പരിസരത്തും എടുത്തതായി അവകാശപ്പെടുന്ന 14 അനാവശ്യ വിഡിയോകളും ചിത്രങ്ങളും ഉണ്ടായിരുന്നു. ഫോട്ടോ എടുക്കുന്നത് സ്ത്രീകളിൽ ആർക്കും അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.