അബ്ദുൽ എന്ന അക്രം
മംഗളൂരു: നഗരത്തിൽ കങ്കനാടി പൂ മാർക്കറ്റിന് സമീപം നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്ത് ലാപ്ടോപ് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചയാളെ മംഗളൂരു ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
അഡയാർ സ്വദേശി അബ്ദുൽ എന്ന അക്രമാണ് (33) അറസ്റ്റിലായത്. ഈ മാസം എട്ടിന് രാത്രി മംഗളൂരു വിമാനത്താവളത്തിൽ ഭർത്താവിനെ കൂട്ടിക്കൊണ്ടുവരാൻ പുറപ്പെട്ടതായിരുന്നു കൊടൈൽബെയിലിൽ താമസിക്കുന്ന കോളജ് അധ്യാപിക പ്രിയങ്ക. മുംബൈയിൽനിന്ന് രാത്രി 9.30ന് ഭർത്താവ് എത്തേണ്ടതായിരുന്നു. വിമാനം വൈകിയതിനാൽ രാത്രി 8.15ന് കങ്കനാടി പൂ മാർക്കറ്റിന് സമീപം കാർ പാർക്ക് ചെയ്ത് സഹോദരൻ മയൂർ ദേവാഡിഗക്കും ഭാര്യ നിരീക്ഷ ഷെറിഗാറിനും ഒപ്പം അത്താഴത്തിനായി ഹോളിവുഡ് ലോഞ്ചിലേക്ക് പോയി.
രാത്രി 10.15ഓടെ തിരിച്ചെത്തിയപ്പോൾ കാറിന്റെ ഇടതുവശത്തെ ചില്ല് തകർത്ത നിലയിലായിരുന്നു. ലാപ്ടോപ്, വാനിറ്റി ബാഗിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ, വജ്രം പതിച്ച മംഗളസൂത്രം, രണ്ട് ഡയമണ്ട് കമ്മലുകൾ, രണ്ട് ഡയമണ്ട് മോതിരങ്ങൾ, എ.ടി.എം കാർഡ് എന്നിവ മോഷണം പോയിരുന്നു.
പ്രദേശത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങളിൽ ഹെൽമറ്റ് ധരിച്ച ഒരാൾ ജനൽ തകർത്ത് കാറിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് കാണാമായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തിന് ഏതാനും മീറ്റർ അകലെയുള്ള ഒരു സ്റ്റാളിൽനിന്ന് പ്രതി സിഗരറ്റ് വാങ്ങുന്നതും കണ്ടു. ഈ സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതി അക്രം ആണെന്ന് തെളിയിക്കുന്ന തെളിവുകൾ ശേഖരിച്ചതായി പൊലീസ് പറഞ്ഞു. 7.3 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ലാപ്ടോപ്പും പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.