‘ധർമസ്ഥല കൊലയാളികൾ ആര്’എന്ന പേരിൽ ഡിസംബർ 16ന് ബെൽത്തങ്ങാടിയിൽ സംഘടിപ്പിക്കുന്ന വനിത നീതി റാലിയോടനുബന്ധിച്ചുള്ള വാർത്തസമ്മേളനത്തിൽ നേതാക്കൾ
മംഗളൂരു: ഡൽഹി നിർഭയ കൂട്ടബലാത്സംഗം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 16ന് ബെൽത്തങ്ങാടിയിൽ ‘കൊണ്ടവരു യരു’(കൊലയാളികൾ ആര്) എന്ന പേരിൽ വനിത നീതി കൺവെൻഷനും റാലിയും സംഘടിപ്പിക്കും. ധർമസ്ഥലയിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമവും കൊലപാതകവും സംബന്ധിച്ച് സമഗ്ര എസ്.ഐ.ടി അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സാമൂഹിക പ്രവർത്തക പ്രസന്ന രവി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ധർമസ്ഥല കേസുകളിൽ ഇരയായ കുടുംബങ്ങളുമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഗസ്റ്റിൽ ‘കൊണ്ടവരു യരു’കാമ്പയിൻ ആരംഭിച്ചത്. 13 വർഷമായി വനിത ഗ്രൂപ്പുകൾ ബലാത്സംഗ വിരുദ്ധ ദിനം ആചരിച്ചുവരുന്നു.
വനിത സംഘടനകൾ നാല് പതിറ്റാണ്ടുകളായി സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്നു. ധർമസ്ഥല സംഭവങ്ങളിൽ ഇരയായ പരാതിക്കാരെയും കുടുംബങ്ങളെയും സന്ദർശിച്ചു. ആരോപിക്കപ്പെടുന്ന കൂട്ട ശവസംസ്കാര കേസ് മാത്രമല്ല, ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഉൾക്കൊള്ളുന്ന സമഗ്ര അന്വേഷണം എസ്.ഐ.ടി നടത്തണം.
മതപരമോ രാഷ്ട്രീയമോ ആയ പരിഗണനകളാൽ അന്വേഷണം മൂടപ്പെടരുത്. സ്ത്രീകൾക്കും നിരപരാധികളായ ഇരകൾക്കും നീതി ഉറപ്പാക്കുന്നതിലാണ് അന്വേഷണം കേന്ദ്രീകരിക്കേണ്ടത്. ധർമസ്ഥല കേസുകളിലെ പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്തുന്നുണ്ട്. നീതിയുക്തവും ആത്മാർഥവുമായ അന്വേഷണം നടത്തണം.
വനിത പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു. നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. കർഷക നേതാവ് അനസൂയമ്മ ആറളാലുസാന്ദ്ര, കലാകാരിയും എഴുത്തുകാരിയുമായ ഗീത സൂറത്ത്കൽ, മല്ലിക, ജ്യോതി, ശശികല, സുനിത ലംബാനി, ഭാഗ്യജ്യോതി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.