മംഗളൂരു: കേന്ദ്ര സർക്കാറിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരെ ഈ മാസം 18ന് മംഗളൂരിനടുത്ത കണ്ണൂരിൽ നടക്കുന്ന പ്രതിഷേധ റാലി കണക്കിലെടുത്ത്, ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി ഗതാഗതം വഴിതിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിച്ചു. അര ലക്ഷത്തിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ പാടിൽ-ഫറങ്കിപേട്ട്, ഫാരങ്കിപേട്ട്-പാഡിൽ ഭാഗങ്ങളിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. സ്ഥിതിഗതികൾ ലഘൂകരിക്കുന്നതിനായി പ്രതിഷേധ ദിവസം ഉച്ച 12 മുതൽ രാത്രി ഒമ്പത് വരെ ലോറികൾ, ടാങ്കറുകൾ, ചരക്ക് വാഹനങ്ങൾ എന്നിവ വഴിതിരിച്ചുവിടുമെന്ന് സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ അറിയിച്ചു.
ഉഡുപ്പിഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ: ബിസി റോഡ് - പൊളാലി - കൽപ്പേനെ - നീർമാർഗ - ബൈതുർലി - കുൽശേകർ - നന്തൂർ വഴി തിരിച്ചുവിടും. മംഗളൂരുവിൽ നിന്ന് ബി.സി. റോഡിലേക്ക് പോകുന്ന വാഹനങ്ങൾ പമ്പ് വെൽ - തൊക്കോട്ടു - ദേർലക്കട്ട - ബൊളിയാർ - മെൽക്കർ വഴി തിരിച്ചുവിടും. അല്ലെങ്കിൽ, നന്തൂർ - നീർമർഗ - പൊളാലി വഴി ബി.സി. റോഡിൽ എത്താം.
കെപിടിയിൽ നിന്നുള്ള വാഹനങ്ങൾ (കദ്രി പാർക്ക് ഏരിയ): പച്ചനടി - ബോണ്ടേൽ - കാവൂർ - ബജ്പെ - കൈകമ്പ - മൂഡബിദ്രി വഴി തിരിച്ചുവിടും. മുൽക്കിയിൽനിന്നുള്ള വാഹനങ്ങൾ: കിന്നിഗോളി - മൂഡബിദ്രി - സിദ്ധക്കട്ടെ - ബി.സി. റോഡ് വഴി പോകണം. പ്രതിഷേധ സമയങ്ങളിൽ ഗതാഗതക്കുരുക്കും കാലതാമസവും ഒഴിവാക്കാൻ യാത്രക്കാർ സഹകരിക്കണമെന്നും ബദൽ വഴികൾ ഉപയോഗിക്കണമെന്നും കമീഷണർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.