നേപ്പാൾ ആസ്ഥാനമായി കോടികളുടെ സൈബർ തട്ടിപ്പ്; 11 ഇന്ത്യക്കാർ മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു: നേപ്പാൾ ആസ്ഥാനമായി കോടികളുടെ സൈബർ തട്ടിപ്പ് നടത്തിയ സംഘത്തിലെ 11 ഇന്ത്യക്കാരെ മംഗളൂരു സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശി മക്‌വാൻ വിക്രം (25), പശ്ചിമ ബംഗാളിൽനിന്നുള്ള സൗമ്യാദിത്യ ചതോപാധ്യായ (21), ഝാർഖണ്ഡിൽനിന്നുള്ള പുപ്ല ശിവകുമാർ റാവു (32), രാജേഷ് മന്ദൻ (30), മിഥുൻ കുമാർ മംഗരാജ് (38), ഗൗരവ് പാണ്ഡെ (24), ഹർഷ് മിശ്ര (22), മുഹമ്മദ് അക്കീബ് അലി (27), ഉത്തർപ്രദേശിൽനിന്നുള്ള നൗഷാദ് അലി (34), ബിഹാറിലെ രാജീവ് രഞ്ജൻ കുമാർ (30), രാജസ്ഥാനിലെ ഓംപ്രകാശ് യാദവ് (37) എന്നിവരാണ് അറസ്റ്റിലായത്. ഒരു ലാപ്‌ടോപ്, 21 മൊബൈൽ ഫോണുകൾ, 20 സിം കാർഡുകൾ, ഒന്നിലധികം ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവ പിടിച്ചെടുത്തു.

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈൻ നിക്ഷേപത്തട്ടിപ്പുകൾ ഏകോപിപ്പിക്കുന്ന ഇന്ത്യൻ ഓപറേറ്റിവുകളാണ് അതിർത്തി കടന്നുള്ള ശൃംഖലയിൽ ഉൾപ്പെട്ടതെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മറ്റ് അഞ്ച് പ്രതികൾ ഒളിവിലാണ്,

അതേസമയം ഇവരുടെ വിദേശപങ്കാളികളെ പ്രത്യേകം അന്വേഷിച്ചുവരുകയാണ്. ഒരക്കൗണ്ടിൽനിന്ന് മാത്രം 167 കോടി രൂപയിലധികം ഇടപാടുകൾ നടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

രാജ്യവ്യാപകമായി ഒന്നിലധികം സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 10 ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് ഒരു ഇരയെ 1.38 കോടി രൂപ വഞ്ചിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട അന്വേഷണമാണ് സൈബർ തട്ടിപ്പ് സംഘത്തിന്റെ അറസ്റ്റിന് വഴിയൊരുക്കിയത്.

ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നിവവഴി അക്കൗണ്ട് ഉടമകളെ റിക്രൂട്ട് ചെയ്ത സംഘം കമീഷനും ജോലിയും വാഗ്ദാനംചെയ്ത് പണം ക്രിപ്‌റ്റോ കറൻസിയിലേക്ക് തിരിച്ചുവിട്ട് വിദേശത്തേക്ക് മാറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റാക്കറ്റുമായി ബന്ധമുള്ള ചൈനീസ് പൗരന്മാരെ നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തതായി വിവരമുണ്ടെന്ന് പൊലീസ് കമീഷണർ അറിയിച്ചു.

Tags:    
News Summary - Nepal-based cyber fraud worth crores; 11 Indians arrested in Mangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.