ജമാഅത്തെ ഇസ്ലാമി ബാംഗ്ലൂർ ചാപ്റ്റർ ‘അല്ലാഹുവിന്റെ സഹായികളാവുക’ എന്ന തലക്കെട്ടിൽ ബംഗളൂരുവിൽ സംഘടിപ്പിച്ച വനിത സമ്മേളനം വനിത വിഭാഗം കേരള പ്രസിഡൻറ് പി.ടി.പി. സാജിത ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കുടുംബ വ്യവസ്ഥയെ തകർക്കുക എന്ന ഫാഷിസ്റ്റ് അജണ്ടക്ക് ബദലായി ഇസ്ലാമിക കുടുംബ വ്യവസ്ഥയെ ഉയർത്തിപ്പിടിച്ചുകൊണ്ട് ധാർമിക മൂല്യങ്ങളുടെ പതാക വാഹകരാകാൻ മുസ്ലിം സ്ത്രീകൾക്ക് കഴിയണമെന്ന് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കേരള പ്രസിഡൻറ് പി.ടി.പി. സാജിത പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ബാംഗ്ലൂർ ചാപ്റ്റർ ‘അല്ലാഹുവിന്റെ സഹായികളാവുക’ എന്ന തലക്കെട്ടിൽ ബംഗളൂരുവിൽ സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പുരുഷനെപ്പോലെ ദീനി സംസ്കരണ പ്രവർത്തനങ്ങൾ സ്ത്രീകളുടെയും ബാധ്യതയാണ്. മുസ്ലിം സ്ത്രീയെ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ചിന്താശേഷിയും കർമശേഷിയും സ്വത്വബോധമുള്ള മുസ്ലിം സ്ത്രീയെ സമൂഹത്തിന് പരിചയപ്പെടുത്താൻ കഴിയണമെന്നും അവർ ഉണർത്തി.
അഫ്സൺ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി നസീമ ടീച്ചർ മുഖ്യപ്രഭാഷണം നിർവഹിച്ചു. കുടുംബത്തിൽ, സമൂഹത്തിൽ വ്യത്യസ്ത റോളുകൾ നിർവഹിക്കുന്ന സ്ത്രീ എങ്ങനെയാണ് അല്ലാഹുവിന്റെ സഹായി എന്ന തലത്തിലേക്ക് ഉയരുന്നതെന്ന് അവർ സദസ്സിനെ ഉദ്ബോധിപ്പിച്ചു.ജമാഅത്തെ ഇസ്ലാമി ബാംഗ്ലൂർ ചാപ്റ്റർ വൈസ് പ്രസിഡൻറ് ഷംലി അധ്യക്ഷതവഹിച്ചു. സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളെ അപലപിച്ചുകൊണ്ട് സമ്മേളനത്തിൽ ഷാഹിന ടീച്ചർ പ്രമേയം അവതരിപ്പിച്ചു.
വനിത വിഭാഗം അവതരിപ്പിച്ച കൈത്താങ്ങ് എന്ന ലഘു നാടകവും ജി.ഐ.ഒ സംഘത്തിന്റെ തീം സോങ്ങും സമ്മേളനത്തിന് നിറം പകർന്നു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് പ്രോഗ്രാമിൽ ഒന്നാം സ്ഥാനം നേടിയ ഷഫീഖ, റാഷി, രണ്ടാം സ്ഥാനം നേടിയ ഹിബ, സഫീന, സുമയ്യ എന്നിവർക്കുള്ള സമ്മാന വിതരണവും വേദിയിൽ നടന്നു. സമ്മേളന കൺവീനർ സജ്ന ഷമീർ സ്വാഗതവും അസി. കൺവീനർ സുഹാന നന്ദിയും പറഞ്ഞു. അതിജീവനത്തിന്റെ മുന്നണി പോരാളികളായ ഫലസ്തീൻ ഉമ്മമാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സമ്മേളനം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.