പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ജയിൽ മോചിതനായ ധർമസ്ഥല സാക്ഷി ചിന്നയ്യ

മംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്കാര കേസിൽ ജയിൽ മോചിതനായ പ്രതി മാണ്ഡ്യ സ്വദേശി ചിന്നയ്യ തനിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ നൽകി. ധർമസ്ഥല ഗൂഢാലോചന കേസിലെ പ്രതികളിൽനിന്ന് തനിക്കും കുടുംബത്തിനും സുരക്ഷ ആശങ്കയുണ്ടെന്ന് അവകാശപ്പെട്ട് നൽകിയ പരാതിക്ക് ഒപ്പമാണ് ഈ ആവശ്യം ഉന്നയിച്ചത്. 2012ൽ ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിയു കോളജ് വിദ്യാർഥിനി സൗജന്യയുടെ കുടുംബത്തിന് നീതി തേടി പ്രവർത്തിക്കുന്നവരാണ് ചിന്നയ്യയുടെ പരാതിയിലുള്ളവർ.

കഴിഞ്ഞ ജൂണിൽ ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി കുഴിച്ചുമൂടി എന്ന് അവകാശപ്പെട്ട് രംഗത്തുവന്ന മുൻ ശുചീകരണ തൊഴിലാളിയായ ചിന്നയ്യ തനിക്കും കുടുംബത്തിനും ധർമസ്ഥലയിൽനിന്ന് ഭീഷണിയുണ്ടെന്നാണ് പറഞ്ഞിരുന്നത്.ജൂലൈ 19ന് കർണാടക സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചിന്നയ്യയെ പരാതിക്കാരനായ സാക്ഷിയായി പരിഗണിച്ച് സംരക്ഷണം നൽകി.

അയാളെ തിരിച്ചറിയാത്തവിധം കവചിത അവസ്ഥയിൽ ധർമസ്ഥല വനത്തിൽ കൊണ്ടുപോയി മൃതദേഹ അവശിഷ്ടങ്ങൾക്കായി തെരച്ചിൽ നടത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെ ചിന്നയ്യയെ ധർമസ്ഥലക്കെതിരായ ഗൂഢാലോചന കേസിൽ പ്രതിയാക്കി ആഗസ്റ്റ് 23ന് എസ്.ഐ.ടി അറസ്റ്റ് ചെയ്തു. ശിവമൊഗ്ഗ ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞ ചിന്നയ്യ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ ഇറങ്ങിയത്.

ചിന്നയ്യ ഒന്നാം പ്രതിയായ ധർമസ്ഥല ഗൂഢാലോചന കേസിൽ പ്രതികളായ മഹേഷ് ഷെട്ടി തിമറോഡി, ടി. ജയന്ത് , വിത്തൽ ഗൗഡ (സൗജന്യയുടെ അമ്മാവൻ), ഗിരീഷ് മട്ടനവർ എന്നിവരിൽനിന്നും യൂട്യൂബർ എം.ഡി. സമീർ, അവരുടെ കൂട്ടാളികൾ എന്നിവരിൽനിന്നും തനിക്കും ഭാര്യ മല്ലികക്കും (നാഗമ്മ) ഭീഷണിയുണ്ടെന്നാണ് ചിന്നയ്യയുടെ പരാതി. ഉചിതമായ നിയമനടപടി സ്വീകരിക്കാനും ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ തടയാൻ സംരക്ഷണം നൽകാനും പരാതിയിൽ ആവശ്യപ്പെട്ടു. ബെൽത്തങ്ങാടി പൊലീസ് പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ പറഞ്ഞു.

Tags:    
News Summary - Dharmasthala witness Chinnayya released from jail seeking police protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.