മംഗളൂരു: കൊട്ടേക്കർ കാർഷിക വ്യവസായ സഹകരണ ബാങ്കിലെ കവർച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേരെകൂടി ഉള്ളാൾ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ആറായി. കവർച്ച സൂത്രധാരന്മാരായ കന്യാനയിലെ ശശി തേവർ എന്ന ഭാസ്കർ ബെളിച്ചപ്പാട് (69), കെ.സി. റോഡിലെ മുഹമ്മദ് നസീർ (67) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ബംഗളൂരു റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് ബെളിച്ചപ്പാടിനെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ കവർച്ചയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നു. ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണത്തിൽ ശശി തേവർ നസീറുമായി ബന്ധപ്പെട്ടിരുന്നുവെന്നും കവർച്ച നടപ്പിലാക്കാൻ മറ്റ് പ്രതികളുമായി ആറ് മാസത്തോളം ഗൂഢാലോചന നടത്തിയിരുന്നുവെന്നും കണ്ടെത്തി. സൊസൈറ്റിയുടെ കെട്ടിടം, സുരക്ഷാ വിശദാംശങ്ങൾ, കവർച്ച നടന്ന തീയതിയും സമയവും, അവിടെ ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം, രക്ഷപ്പെടാനുള്ള സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ സംഘത്തിന് നൽകുന്നതിൽ നസീർ പങ്കുവഹിച്ചു. കഴിഞ്ഞ മാസം 17നാണ് കൊട്ടേക്കർ സഹകരണ ബാങ്കിൽ കവർച്ച നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.