മംഗളൂരു: ഉടുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ സർവിസ് നടത്തുന്ന എ.കെ.എം.എസ് സ്വകാര്യ ബസ് ഉടമ സൈഫുദ്ദീൻ എന്ന സെയ്ഫിന്റെ (52) കൊലപാതക കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. നേരത്തേ മൂന്നു പ്രതികൾ അറസ്റ്റിലായിരുന്നു. ആസൂത്രിത കൊലപാതകമാണെന്നാണ് അന്വേഷണത്തിൽ ലഭ്യമാവുന്ന സൂചനയെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ അറിയിച്ചു. മംഗളൂരു സ്വദേശികളായ മുഹമ്മദ് ഷെരീഫ് (37), അബ്ദുൽ ഷുക്കൂർ (43), മുഹമ്മദ് ഫൈസൽ ഖാൻ (27) എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതകത്തിനുമുമ്പ് ഫൈസൽ ഖാൻ സൈഫുദ്ദീനെ മണിപ്പാലിലെ തന്റെ വീട്ടിൽനിന്ന് കൊടവൂരിലെ മറ്റൊരു വീട്ടിലേക്ക് കാറിൽ കൊണ്ടുപോയിരുന്നുവെന്ന് എസ്.പി പറഞ്ഞു. മറ്റു രണ്ടു പ്രതികളും ഇവർക്കൊപ്പമുണ്ടായിരുന്നു. സൽമാർ നാഗബനക്ക് സമീപത്തെ ഒരു വീട്ടിൽ സൈഫുദ്ദീൻ കയറിയപ്പോൾ, മൂവരും ചേർന്ന് വടികളും വാളുകളും ഉപയോഗിച്ച് ആക്രമിച്ച് സംഭവസ്ഥലത്ത് തന്നെ കൊലപ്പെടുത്തിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സൈഫുദ്ദീൻ ഉടുപ്പി, ഹിരിയഡ്ക പൊലീസ് സ്റ്റേഷനുകളിൽ തെരുവുഗുണ്ടകളൂടെ പട്ടികയിലുള്ളയാളാണ്.
രണ്ടു കൊലപാതക കേസുകൾ ഉൾപ്പെടെ 18ൽ അധികം ക്രിമിനൽ കേസുകൾ ഇയാളുടെ പേരിലുണ്ട്. വ്യക്തിവൈരാഗ്യം മൂലമാണോ മറ്റാരുടെയെങ്കിലും പ്രേരണയാൽ കൊലപ്പെടുത്തിയതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നു. പ്രതികൾക്ക് സാമ്പത്തിക സഹായം ലഭിച്ചോ ആക്രമണം നടത്താൻ മറ്റുള്ളവർ അവരെ വാടകക്കെടുത്തതാണോ എന്നറിയാനും അന്വേഷണം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.