ബംഗളൂരു: അർഹിച്ചത് അന്യൻ കവർന്നതിനോട് പൊരുതിയ ആറാം ക്ലാസ് അനുഭവമുള്ള വിദ്യാർഥിയാണ് കർണാടക മുഖ്യമന്ത്രിയായി ബുധനാഴ്ച അധികാരമേൽക്കുന്ന ഡി.കെ.ശിവകുമാർ. കാർമൽ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായിരിക്കെ സ്കൂൾ സെക്രട്ടറി സ്ഥാനത്തേക്ക് ‘നക്ഷത്രം’ ചിഹ്നത്തിൽ മത്സരിച്ച പയ്യൻ ഭൂരിപക്ഷം വോട്ടുകൾ നേടി. എന്നാൽ അധികൃതർ അവരുടെ പൊന്നോമനയായ പെൺകുട്ടിയെ വിജയിയായി പ്രഖ്യാപിച്ചു. ശിവകുമാറിനെ ശാന്തനാക്കാൻ ‘സ്പോർട്സ് സെക്രട്ടറി’ എന്ന പദവി നൽകിയെങ്കിലും അദ്ദേഹം പരാജയം സമ്മതിച്ചില്ല.
ഔദ്യോഗിക പ്രഖ്യാപനം അവഗണിച്ച് സ്കൂളിലെ മുഴുവൻ കുട്ടികളും ശിവകുമാറിന് പിന്നിൽ അണിനിരക്കുകയും യഥാർത്ഥ ലീഡറായി അദ്ദേഹം മാറുകയും ചെയ്തു.ആ അനുഭവം ശിവകുമാറിൽ തെരഞ്ഞെടുപ്പ് ഭ്രമം വിതച്ചു. ശിവകുമാറിന്റെ കുട്ടിക്കാലത്ത് വീട്ടിലെത്തിയ കൈനോട്ടക്കാരന് നേരെ സഹോദരി മഞ്ജുള കൈ നീട്ടി. ജ്യോതിഷി സംസാരിക്കും മുമ്പേ ശിവകുമാർ ഇടപെട്ടു; “ഒരു നാൾ ഞാൻ എല്ലാവരുടെയും വിധി നിശ്ചയിക്കുന്ന ആളാകും, പിന്നെന്തിനാണ് ഇയാളുടെ വാക്ക് കേൾക്കുന്നത്?” എന്നായിരുന്നു അനിതര സാധാരണ ആത്മവിശ്വാസത്തോടെയുള്ള ആ കൊച്ചനിയന്റെ ചോദ്യം.
തന്റെ പ്രസംഗ ശൈലി വികസിപ്പിക്കാൻ സ്കൂൾ ഗേറ്റിന് പുറത്തെ ഐസ്ക്രീം കച്ചവടക്കാരനെയാണ് അന്ന് ഡി.കെ. സമീപിച്ചിരുന്നത്. വിദ്യാർഥികളെ ആകർഷിക്കുന്ന രീതിയിൽ പ്രസംഗം തയാറാക്കാൻ സഹായിക്കണമെന്ന് അദ്ദേഹം ആ കച്ചവടക്കാരനോട് ആവശ്യപ്പെട്ടു. ഏത് സാധാരണക്കാരനിൽനിന്നും കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിന്റെ തെളിവായിരുന്നു അത്. വിദ്യാവർധക സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായിരിക്കെ മറ്റൊരു തെരഞ്ഞെടുപ്പ് അനുഭവമുണ്ടായി. കുസൃതിക്കാരനും അടക്കിനിർത്താൻ പാടുള്ളവനുമായതിനാൽ ഹെഡ്മാസ്റ്റർ അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നിഷേധിച്ചു.
എന്നാൽ പിന്മാറുന്നതിന് പകരം തന്റെ സുഹൃത്ത് കൃഷ്ണ ദേശ്പാണ്ഡെയെ അദ്ദേഹം സ്ഥാനാർഥിയായി നിർത്തി. അണിയറയിൽ ഇരുന്ന് പ്രസംഗങ്ങൾ തയാറാക്കിയതും തന്ത്രങ്ങൾ മെനഞ്ഞതും ശിവകുമാറായിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ സ്ഥാനാർഥി വൻ വിജയം നേടി. താൻ നേരിട്ട് മത്സരിച്ചില്ലെങ്കിലും അണിയറയിലിരുന്ന് സഖ്യങ്ങൾ ഉണ്ടാക്കാനും വിജയം ഉറപ്പാക്കാനുമുള്ള അദ്ദേഹത്തിന്റെ പിൽക്കാല രാഷ്ട്രീയ ശൈലിയുടെ തുടക്കമായിരുന്നു അത്. സ്കൂൾ കാലം മുതൽക്കേ എന്നെ തടയാൻ അവർക്ക് ഭയമായിരുന്നു, എന്നാൽ അതിനുശേഷം എന്നെ തടയാൻ ആർക്കും കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല, എന്ന് പിൽക്കാലത്ത് ഒരു അഭിമുഖത്തിൽ ഡി.കെ. ശിവകുമാർ പറഞ്ഞിട്ടുണ്ട്.
കോളജ് കാലഘട്ടത്തിലും തന്ത്രപരമായ നിലപാട് അദ്ദേഹം തുടർന്നു. ഒരിക്കൽ 100 മീ. ഓട്ടമത്സരത്തിൽ വിജയിച്ചിട്ടും തന്റെ എതിരാളിയും കോളജ് സ്പോർട്സ് സെക്രട്ടറിയുമായ വിദ്യാർഥിയെ വിജയിയായി പ്രഖ്യാപിക്കാൻ ശിവകുമാർ സമ്മതിക്കുകയായിരുന്നു. എതിരാളികളെ പരസ്യമായി അപമാനിക്കുന്നതിനേക്കാൾ അവരെ ചേർത്തുനിർത്തുന്നത് വലിയ വിശ്വസ്തത ഉണ്ടാക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഈ വിശാല മനസ്കതയാണ് സിദ്ധരാമയ്യക്ക് രണ്ടാം തവണ മൂന്ന് വർഷം മുഖ്യമന്ത്രിയാവാൻ അവസരം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.