നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കുകയാണ് സനാതനധർമ വക്താക്കളുടെ ലക്ഷ്യം -പി. ജയരാജൻ
ബംഗളൂരു: ശ്രീനാരായണ ഗുരുവും, വാഗ്ഭടാനന്ദനും, ചട്ടമ്പി സ്വാമികളും, മഹാത്മാ അയ്യങ്കാളിയും, ഗാന്ധിജിയും പകർന്നു നൽകിയ മഹത്തായ ജീവിത മൂല്യങ്ങളാണ് കേരളീയ സമൂഹത്തിന് മുന്നോട്ട് നടക്കാൻ പ്രചോദനമായതെന്നും ഈ മൂല്യങ്ങൾ അട്ടിമറിച്ച് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനാണ് സനാതന ധർമത്തിന്റെ വക്താക്കൾ ശ്രമിക്കുന്നതെന്നും പുസ്തക രചയിതാവും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി. ജയരാജൻ പറഞ്ഞു.
ബാംഗ്ലൂർ പു.ക.സ ആഭിമുഖ്യത്തിൽ നടത്തിയ പുസ്തക പരിചയ പരിപാടിയിൽ 'സനാതന ധർമത്തിന്റെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകം എഴുതാനുണ്ടായ കാരണങ്ങളെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. അയിത്തജാതിക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശനം നൽകാതിരുന്നതും ഈ സനാതന ധർമ വ്യവസ്ഥ അനുസരിച്ചായിരുന്നു. ഇങ്ങനെയുള്ള ജാതിക്കതീതമായ സാമൂഹിക ബോധവും മഹത്തായ നവോത്ഥന മൂല്യങ്ങളും കേരളീയ ജീവിതത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയത് കൊണ്ടാണ്, മഹാത്മാ ഗാന്ധിയുടെ ഗുജറാത്തിൽ പോലും സ്വാധീനം ഉറപ്പിക്കാൻ കഴിഞ്ഞ ബി.ജെ.പിക്ക് 1940 മുതൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടും കേരളത്തിൽ കാലുറപ്പിക്കാൻ കഴിയാതിരുന്നത്.
ബാംഗ്ലൂർ പു.ക,സ പ്രസിഡന്റ് വല്ലപ്പുഴ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിന്തകനും വാഗ്മിയും കേളുവേട്ടൻ ഗവേഷണ പഠനകേന്ദ്രത്തിന്റെ ഡയറക്ടറുമായ കെ.ടി. കുഞ്ഞി കണ്ണൻ, ബാംഗ്ലൂർ പുരോഗമന കലാ സാഹിത്യസംഗം മുൻ പ്രസിഡന്റ് സുരേഷ് കോഡൂർ എന്നിവർ പുസ്തകത്തെ അവലോകനം ചെയ്തു സംസാരിച്ചു. വി.ജെ.കെ. നായർ, ആർ.വി. ആചാരി എന്നിവര് ചർച്ചയിൽ പങ്കെടുത്തു. ഉപാധ്യക്ഷൻ എ.പി. നാണു, ജോ. സെക്രട്ടറി സതീഷ് തോട്ടശ്ശേരി അതിഥികളെ പരിചയപ്പെടുത്തി. പ്രവർത്തകസമിതി അംഗങ്ങളായ പൊന്നമ്മ ദാസ്, പി. ഗീത, രതി സുരേഷ് എന്നിവർ അതിഥികൾക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സെക്രട്ടറി സി. കുഞ്ഞപ്പൻ സ്വാഗതവും ട്രഷറർ പി.പി. പ്രദീപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.