ബംഗളൂരു: തമിഴർക്കെതിരായ വംശീയ പരാമർശവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെക്കെതിരെ രജിസ്റ്റർചെയ്ത കേസിലും വിദ്വേഷ പ്രചാരണം നടത്തിയതിന് ബംഗളൂരു സൗത്ത് എം.പിയും ബി.ജെ.പി യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ, ബംഗളൂരു സെൻട്രൽ എം.പി പി.സി. മോഹൻ എന്നിവർെക്കതിരായ കേസിലും കർണാടക ഹൈകോടതിയുടെ സ്റ്റേ. ശോഭ കരന്ദ്ലാജെക്കെതിരെ കോട്ടൺപേട്ട് പൊലീസ് രജിസ്റ്റർചെയ്ത കേസിലെ അന്വേഷണത്തിനെതിരെ സമർപ്പിച്ച ഹരജിയും തേജസ്വി സൂര്യയും പി.സി. മോഹനും സമർപ്പിച്ച ഹരജികളും വെള്ളിയാഴ്ച സിംഗിൾ ബെഞ്ച് ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതാണ് പരിഗണിച്ച് സ്റ്റേ ഉത്തരവ് നൽകിയത്. നമ്മൾ പരിഷ്കൃത സമൂഹത്തിലാണ് ജീവിക്കുന്നതെന്നും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ജഡ്ജി ഉപദേശിച്ചു.
സമൂഹമാധ്യമത്തിൽ വിദ്വേഷപ്രചാരണ പോസ്റ്റിട്ടതിന് തേജസ്വി സൂര്യക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ കേസെടുത്തിരുന്നു. ‘കാമ്പയിൻ എഗെൻസ്റ്റ് ഹെയ്റ്റ് സ്പീച്ച്’പ്രവർത്തകർ അൾസൂർ ഗേറ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ തേജസ്വി സൂര്യക്ക് പുറമെ പി.സി. മോഹനെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ന്യൂനപക്ഷ വിഭാഗത്തെ ഉന്നമിട്ട് ഇരു വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ഉതകുംവിധം സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു എന്നാണ് തേജസ്വി സൂര്യക്കെതിരായ പരാതി. എക്സിലും യൂട്യൂബിലും മാർച്ച് 19ന് ഇട്ട വിഡിയോ സന്ദേശം ഒരു ദശലക്ഷം പേർ കണ്ടിരുന്നു. എക്സിൽ 13 ലക്ഷം ഫോളോവേഴ്സുള്ള തേജസ്വി സൂര്യയുടെ നടപടി സാമൂഹിക സൗഹാർദം തകർക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ നിരീക്ഷിച്ചു. ഇരുവർക്കുമെതിെര ഐ.പി.സി 143, 149, 188, 283, 290, 268 വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.