മൈസൂരു- മാനന്തവാടി റൂട്ടിൽ അന്തർസന്തെ മുതൽ ബാവലി വരെയുള്ള റോഡിൽ അറ്റകുറ്റപ്പണി ആരംഭിച്ചപ്പോൾ
ബംഗളൂരു: മൈസൂരു- മാനന്തവാടി റൂട്ടിൽ അന്തർസന്തെ മുതൽ ബാവലി വരെയുള്ള റോഡിൽ അറ്റകുറ്റപ്പണി ആരംഭിച്ചു. ബാവലിയിൽ നിന്ന് തുടങ്ങി വെള്ള വരെയുള്ള 10 കിലോമീറ്റർ ദൂരം 20 കോടി ചെലവിലാണ് ആദ്യം പൂർത്തീകരിക്കുക. മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചുള്ള നിരത്തൽ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. തുടർന്ന് മെറ്റൽ നിരത്തി ടാറിങ് തുടങ്ങും. ഒരു മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിച്ച് റോഡ് ഗതാഗതയോഗ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റോഡ് പ്രവൃത്തിയുടെ ചുമതലയുള്ള കമ്പനി അധികൃതർ അറിയിച്ചു.
ഏറെ ശോചനീയാവസ്ഥയിലുള്ള പ്രസ്തുത പാത നവീകരിക്കണമെന്നാവശ്യപ്പെട്ട് എൻ.എ. ഹാരിസ് എം.എൽ.എ മുഖേന എം.എം.എ പൊതുമരാമത്ത് മന്ത്രി സതീശ് ജാർക്കിഹോളിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എച്ച്.ഡി കോട്ടെ എം.എൽ.എ അനിൽ മിക്ക മാതുവുമായി മന്ത്രി നടത്തിയ ചർച്ചയിലാണ് പണികൾ ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത്. മൈസൂരു, ബംഗളൂരു നഗരങ്ങളിൽ നിന്ന് മാനന്തവാടിയിലേക്ക് ഈ പാതയിലൂടെ ദൂരം കുറവായതിനാൽ യാത്രക്കാരും ചരക്ക് വാഹനങ്ങളും പ്രധാനമായും ഈ പാതയാണ് തെരഞ്ഞെടുക്കാറ്. വനമേഖലയിലൂടെയുള്ള റോഡ് ആയതിനാൽ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ മാത്രമേ ഈ പാതയിലൂടെ സഞ്ചാരത്തിന് അനുമതിയുള്ളൂ. നാഗർഹോള ടൂറിസ്റ്റ് കേന്ദ്രവും രാജീവ് ഗാന്ധി വന്യമൃഗ സംരക്ഷണ മേഖലയും ഈ പാതയുടെ ഇരുവശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.