കർണാടകയിൽ ബുൾഡോസർ രാജ്; പിന്നാക്ക ചേരിയിലെ 300 വീടുകൾ മുന്നറിയിപ്പില്ലാതെ ഇടിച്ചുനിരത്തി

ബംഗളൂരു: അഞ്ച് ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിനായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) പുലർച്ചെ യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും വസീം ലേഔട്ടിലെയും 300ലേറെ ചേരി വീടുകൾ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. ഖരമാലിന്യ സംസ്കരണത്തിനുള്ള ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എൽ) ഉദ്യോഗസ്ഥരും പൊലീസും മാർഷലുകളും ചേർന്ന് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് വീടുകൾ പൊളിച്ചുമാറ്റുകയായിരുന്നു. ഈ നടപടി സംഘർഷഭരിതമായ സാഹചര്യത്തിലേക്ക് നയിച്ചു.

3000ത്തോളം ആളുകൾ ഭവനരഹിതരായി. സംഭവത്തെ അപലപിച്ച് മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. അധികാരികൾ നോട്ടീസ് നൽകാതെയാണ് ഇടിച്ചുനിരത്തൽ നടത്തിയതെന്ന് ദുഡിയുവ ജനറ വേദികെ നേതാവ് മനോഹർ എലവർത്തി പറഞ്ഞു. നോട്ടീസ് നൽകാത്തതിന്റെ ഫലമായി വർഷങ്ങളായി താമസിക്കുന്ന ദരിദ്രരും പിന്നാക്കക്കാരുമായ ആളുകൾ ഭവനരഹിതരായി. അധികാരികൾ നോട്ടീസ് നൽകിയിരുന്നെങ്കിൽ, ഞങ്ങൾ കുടിയൊഴിപ്പിക്കൽ നിർത്തുമായിരുന്നു. ഇപ്പോൾ ഞങ്ങളുടെ മിക്കവാറും എല്ലാ വീടുകളും തകർന്നു.

തണുപ്പിനെ ചെറുത്ത് അവരുടെ സാധനങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. പുലർച്ച നാലരയോടെ തുടങ്ങിയ ഇടിച്ചുനിരത്തൽ രാവിലെ ഒമ്പത് മണിയോടെ പൂർത്തിയായിരുന്നു. തുടർന്ന് ചേരി വീടുകൾ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് നീക്കംചെയ്യാൻ തുടങ്ങി. വൈകീട്ട് അഞ്ചോടെ മുഴുവൻ പ്രദേശവും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. അവശിഷ്ടങ്ങൾ നീക്കംചെയ്യാൻ അഞ്ച് ട്രാക്ടറുകളും ഒമ്പത് മണ്ണുമാന്തിയന്ത്രങ്ങളും ഉപയോഗിച്ചു.

70 ജി.ബി.എ മാർഷൽമാരെയും 200 പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ഭിക്ഷ തേടിയും ദർഗകൾക്ക് സമീപം പാടിയും അന്നന്നത്തെ അന്നം കണ്ടെത്തി വൈകീട്ടോടെ അവരവരുടെ ഷെഡുകളിലേക്ക് മടങ്ങുന്നവർ ഇപ്പോൾ തെരുവാധാരമായി. ‘‘കഴിഞ്ഞ 25 വർഷമായി ഞാൻ ചേരി കോളനിയിൽ താമസിക്കുന്നു, ഇപ്പോൾ പെട്ടെന്ന്, അധികാരികളും പൊലീസും വന്ന് കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. ഇവിടെ 300ലധികം കുടുംബങ്ങൾ താമസിക്കുന്നു, ഇപ്പോൾ എല്ലാവരും വീടില്ലാത്തവരാണ്’’ -ചേരിയിലെ മുന്നി പറഞ്ഞു.

കുടുംബങ്ങൾക്ക് സാധുവായ ആധാർ കാർഡുകൾ, വോട്ടർ ഐ.ഡി കാർഡുകൾ, മറ്റു രേഖകൾ എന്നിവ ഉണ്ടായിരുന്നു. വീടുകളിൽനിന്ന് എൽ.പി.ജി സിലിണ്ടറുകൾ, സ്റ്റൗകൾ, മറ്റു കത്തുന്ന വസ്തുക്കൾ എന്നിവ നീക്കംചെയ്ത ശേഷം കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉദ്യോഗസ്ഥർ നാല് കനത്ത മണ്ണുമാന്തിയന്ത്രങ്ങൾ വിന്യസിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി തന്റെ കുടുംബം ഈ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നും പൊളിക്കുന്നതിന് മുമ്പ് ഒരു അറിയിപ്പും നൽകിയിരുന്നില്ലെന്നും സാറാ സെയ്ഫ് സൗഫിക് പറഞ്ഞു.

പുലർച്ച നാലരയോടെ അവർ പെട്ടെന്ന് എത്തി ഞങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ വീടുകൾ പൊളിക്കാൻ തുടങ്ങി. മണ്ണുമാന്തി യന്ത്രങ്ങളുടെ ശബ്ദം കേട്ടാണ് ഞങ്ങൾ ഉണർന്നത്, ഞെട്ടിപ്പോയി. ഉദ്യോഗസ്ഥർ ഞങ്ങളെ നിർബന്ധിച്ച് പുറത്താക്കി. കിടക്ക വിരികളോ പുതപ്പുകളോ എടുക്കാൻപോലും അനുവദിച്ചില്ല” - അവർ പറഞ്ഞു. പ്രദേശത്തെ 500ലധികം കുട്ടികൾ സ്വകാര്യ, സർക്കാർ സ്കൂളുകളിൽ പഠിക്കുന്നുണ്ടെന്നും താമസക്കാർക്ക് സാധുവായ വോട്ടർ ഐ.ഡി കാർഡുകൾ ഉണ്ടെന്നും അവർ പതിവായി തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പല മന്ത്രിമാരും അടുത്തിടെ സന്ദർശിച്ച് റോഡുകൾ, കുടിവെള്ളം, വീടുകൾ എന്നിവ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ, അവർ ഞങ്ങളെ തെരുവിലേക്ക് തള്ളിയിട്ടു, പെട്ടെന്നുള്ള പൊളിച്ചുമാറ്റലിനെക്കുറിച്ച് അധികാരികളെ ചോദ്യം ചെയ്തപ്പോൾ പൊലീസ് ഞങ്ങളെ അടിച്ചു’’ -അവർ വിതുമ്പി.

നടപടിയെ ബി.എസ്.ഡബ്ല്യു.എം.എല്ലിലെ മുതിർന്ന ഉദ്യോഗസ്ഥൻ ന്യായീകരിച്ചു. ഏകദേശം 30 ഏക്കർ വിസ്തൃതിയുള്ള ഭൂമി റവന്യൂ വകുപ്പ് പഴയ ബൃഹത് ബംഗളൂരു മഹാനഗര പാലിക(ബി.ബി.എം.പി)യിലേക്ക് മാറ്റി. നഗരസഭ ഇതിനകം ഒമ്പത് ഏക്കർ കൈവശപ്പെടുത്തിയിരുന്നു. ശനിയാഴ്ച, അഞ്ച് ഏക്കർ കൈയേറ്റ ഭൂമി തിരിച്ചുപിടിച്ചു.

കൈയേറ്റ ഭൂമിയുടെ വിപണി മൂല്യം ഏകദേശം 80 കോടി രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. 10 ഏക്കർ സ്ഥലത്ത് ഏകദേശം 150 ടൺ നനഞ്ഞ മാലിന്യം സംസ്കരിക്കുന്നത് ജി.ബി.എ ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബയോഗ്യാസ് പ്ലാന്റ്, മൃഗങ്ങളെ കത്തിക്കുന്ന സൗകര്യം, സാനിറ്ററി മാലിന്യ സംസ്കരണ സൗകര്യം, തേങ്ങ റെൻഡറിങ് എന്നിവക്കായാണ് ഭൂമി ഉദ്ദേശിച്ചതെന്നും പ്ലാന്റ് ഇവിടെ സ്ഥാപിതമായാൽ ഇളനീർ ചിരട്ടയിൽ നിന്നുള്ള ഉപോൽപന്നങ്ങൾ വേർതിരിച്ചെടുക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Bulldozer Raj in Karnataka; 300 houses in backward slums demolished without warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.