സുപ്രീംകോടതി
ശൃംഗേരി കോൺ. എം.എൽ.എയെ അയോഗ്യനാക്കിയ വിധി സുപ്രീം കോടതി റദ്ദാക്കി
മംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ ശൃംഗേരി നിയമസഭാ മണ്ഡലം കോൺഗ്രസ് എം.എൽ.എ ടി.ഡി. രാജഗൗഡയെ അയോഗ്യനാക്കിയ കർണാടക ഹൈകോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി തിങ്കളാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ ഗൗഡക്ക് മണ്ഡലത്തിലെ നിയമാനുസൃത എം.എൽ.എയായി തുടരാനാവും.
രാജഗൗഡ സമർപ്പിച്ച അടിയന്തര അപ്പീലിൽ വാദം കേട്ട ജസ്റ്റിസ് സഞ്ജയ് കുമാറും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ചാണ് തൽസ്ഥിതി നിലനിർത്താൻ ഉത്തരവിട്ടത്. പോസ്റ്റൽ വോട്ടുകൾ എണ്ണിയതിൽ കൃത്രിമം ആരോപിച്ച് സമർപ്പിച്ച ഹരജിയിൽ ബി.ജെ.പി സ്ഥാനാർഥി ഡി.എൻ ജീവരാജിന് അനുകൂലമായി ഹൈകോടതി വിധി പ്രസ്താവിച്ചിരുന്നു.
ജനാധിപത്യത്തെ ഇങ്ങനെ തട്ടിക്കൊണ്ടുപോകാൻ ഞങ്ങൾ അനുവദിക്കില്ലെന്ന് സുപ്രീം കോടതി ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജെഗൗഡ ബിജെപിയുടെ ജീവരാജിനെ 201 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയതോടെയാണ് നിയമപോരാട്ടം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് ജീവരാജ് പോസ്റ്റൽ ബാലറ്റുകൾ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. തുടർന്ന് ഹൈകോടതി അദ്ദേഹത്തിന് അനുകൂലമായി വിധിക്കുകയും വീണ്ടും എണ്ണാൻ ഉത്തരവിടുകയും ചെയ്തു.
മെയ് രണ്ടിന് നടന്ന വീണ്ടും എണ്ണലിൽ, രാജഗൗഡയുടെ 255 പോസ്റ്റൽ വോട്ടുകൾ ഉദ്യോഗസ്ഥർ അസാധുവാക്കി. യഥാർഥ ഫലം റദ്ദാക്കി ഡിഎൻ ജീവരാജിനെ വിജയിച്ച സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
ജീവരാജിനെ പുതിയ എംഎൽഎയായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിനെത്തുടർന്ന് ക്ഷുഭിതനായ രാജഗൗഡ ഉടൻ സുപ്രീം കോടതിയെ സമീപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.