മംഗളൂരു: പെജാവർ ഗ്രാമത്തിലെ കെഞ്ചറിൽ പ്രീ-പ്രൈമറി സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് ഒരു കുട്ടിക്ക് പരിക്കേറ്റു. മുഖ്യപ്രണ പ്രീ-പ്രൈമറി സ്കൂളിലെ യു.കെ.ജി വിഭാഗത്തിലെ വിദ്യാർഥി ഷോണിത്തിനാണ് പരിക്ക്. ടൈലുകൾ തെറിച്ചു വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിദ്യാർഥികൾ ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങിയോടിയത് വൻ ദുരന്തം അകറ്റി. സ്കൂളിൽ എൽ.കെ.ജി, യു.കെ.ജി വിഭാഗങ്ങളിലായി ആകെ 22 കുട്ടികളാണുള്ളത്.
ക്ലാസ് നടക്കുമ്പോൾ ശക്തമായ കാറ്റിൽ ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നുവീണു. കെട്ടിടം അടുത്തിടെ നവീകരിച്ചിരുന്നു-മംഗളൂരു നോർത്ത് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ (ബി.ഇ.ഒ) ജെയിംസ് കട്ടിൻഹോ പറഞ്ഞു. നേരത്തെ 10-20 പേർ മേൽക്കൂരയിൽ ജോലി ചെയ്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. സ്കൂൾ ഉച്ചക്ക് ശേഷം അടക്കാൻ കുറച്ച് മിനിറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പെട്ടെന്ന് ശക്തമായ കാറ്റ് വീശാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ കെട്ടിടത്തിന്റെ പഴയ ഭാഗത്തിന്റെ മേൽക്കൂര പൂർണമായും തകർന്നു. ചുറ്റും ടൈലുകൾ ചിതറിക്കിടക്കുകയായിരുന്നു- അധ്യാപിക ഗീത പറഞ്ഞു. സ്കൂൾ കെട്ടിടത്തിന് 50 വർഷത്തിലേറെ പഴക്കമുണ്ട്. എന്നാലും 10 വർഷം മുമ്പ് അധിക ക്ലാസ് മുറികൾ നിർമിച്ചു.
പഴയ ഭാഗത്തിന്റെ മേൽക്കൂര 2023 മേയ് മാസത്തിൽ നന്നാക്കിയിരുന്നു. മുമ്പ് സ്കൂൾ സർക്കാർ എയ്ഡഡ് ആയിരുന്നു. പ്രധാനാധ്യാപിക വിരമിച്ചതിനെത്തുടർന്ന് പുതിയ നിയമനങ്ങളൊന്നും നടത്തിയില്ല. അധ്യാപകരുടെ കുറവ് കാരണം അടച്ചുപൂട്ടൽ നേരിടേണ്ടി വന്നതിനാൽ പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ഗ്രാമവാസികൾ മൂന്ന് വർഷം മുമ്പ് ദാതാക്കളുടെ സഹായത്തോടെ പ്രീ-പ്രൈമറി സ്കൂൾ ആരംഭിക്കാൻ മുന്നിട്ടിറങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.