ബംഗളൂരു: കലാ സാംസ്കാരിക പ്രവർത്തനങ്ങളാണ് രാജ്യത്തിന്റെ കെട്ടുറപ്പെന്ന് കർണാടക സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മുദനകുടു ചിന്നസ്വാമി. ഉത്തര കർണാടകയിലെ കലബുറഗിയിൽ എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറിവും സാംസ്കാരിക പ്രവർത്തനങ്ങളുമാണ് സാമൂഹിക ഭദ്രതയും സമാധാനവും ഉറപ്പാക്കുന്നത്. പ്രക്ഷുബ്ധ സാഹചര്യങ്ങളോട് സംയമനത്തോടെ പ്രതികരിക്കാൻ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് സാധിക്കും. ഇന്ത്യയിലെ സൂഫി പാരമ്പര്യം അതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ദേ നവാസ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. അലി റസ മൂസവി, മൊയിനാബാദ് മെഡിക്കൽ കോളജ് പ്രസിഡന്റ് ഡോ. ഖമറുസ്സമാൻ ഹുസൈൻ ഇനാംദാർ, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി, എസ്.എസ്.എഫ് ഇന്ത്യ പ്രസിഡന്റ് സി.പി. ഉബൈദുല്ല സഖാഫി, ജനറൽ സെക്രട്ടറി ദിൽശാദ് അഹമ്മദ് എന്നിവർ സംബന്ധിച്ചു.
114 മത്സരങ്ങളിലായി 26 സംസ്ഥാനങ്ങളിൽനിന്നുള്ള രണ്ടായിരത്തിലധികം പ്രതിഭകൾ ദേശീയ സാഹിത്യോത്സവ് സംഗമത്തിൽ പങ്കെടുക്കും. സാഹിത്യോത്സവിന്റെ ഭാഗമായി റൈറ്റേഴ്സ് കൊളോക്കിയം, ബന്ദേ നവാസ് കോൺഫറൻസ്, എജു കോൺഫറൻസ് തുടങ്ങിയ പരിപാടികളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.