ഡി.കെ. ശിവകുമാർ
കസ്തൂരിരംഗൻ റിപ്പോർട്ട് പ്രത്യേക നിയമസഭ ചേരും: കേരള മോഡൽ സർവേ കർണാടക പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
മംഗളൂരു: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭൗതിക സർവേ നടത്തണമെന്ന ആവശ്യം ഉദ്യോഗസ്ഥരുമായി സർക്കാർ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ഉഡുപ്പി ജില്ലയിലെ ഹെബ്രിയിൽ താമസക്കാരുമായും വിവിധ സംഘടനകളുടെ പ്രതിനിധികളുമായും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന് തീരുമാനം അയക്കുന്നതിന് മുമ്പ് ഈ മേഖലയിൽ താമസിക്കുന്നവരുടെ ആശങ്കകൾ അറിയാനായാണ് സർക്കാർ പദ്ധതി. പരിസ്ഥിതി സംരക്ഷണവും വികസനവും സന്തുലിതമാക്കുന്നതിന് ആറ് സംസ്ഥാനങ്ങളിലായി (ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട്) ഏകദേശം 60,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പശ്ചിമഘട്ടത്തിന്റെ 37 ശതമാനം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് കസ്തൂരിരംഗൻ കമ്മിറ്റി ശിപാർശ ചെയ്തിരുന്നു.
സെപ്റ്റംബർ 27നകം കർണാടകയുടെ തീരുമാനം കേന്ദ്രത്തിന് അയക്കണം. പ്രദേശവാസികളുടെ അഭിപ്രായങ്ങൾ കേൾക്കാനും നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനുമാണ് ഇവിടെ വന്നത്. കേരള മോഡലിനെക്കുറിച്ചും ഒരു വിദഗ്ധ സമിതിയുടെ ഭൗതിക സർവേ സംബന്ധിച്ചും ഇവിടെനിന്ന് നിർദേശം ലഭിച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ കർണാടക സർക്കാർ പരിഗണിക്കുകയും നിയമസഭയിൽ വിഷയം ചർച്ച നടത്തുകയും ചെയ്യും. കർഷകർ, വരൾച്ച, കസ്തൂരിരംഗൻ റിപ്പോർട്ട് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി സർക്കാർ മൂന്ന് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. സമ്മേളനത്തിന്റെ ആദ്യ ദിവസം കസ്തൂരി രംഗൻ റിപ്പോർട്ട് ചർച്ചക്കെടുക്കും.
ശിവമൊഗ്ഗ, ചിക്കമഗളൂരു എന്നിവിടങ്ങളിലെ ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ അവിടങ്ങളും സന്ദർശിക്കും. വനാവകാശ നിയമത്തെക്കുറിച്ച് ഏകീകൃത 25 വർഷത്തെ പരിധി നിശ്ചയിക്കുന്നതിനുള്ള നിർദേശം സർക്കാർ പരിഗണിക്കും. ചിലർക്ക് 25 വർഷവും മറ്റുള്ളവർക്ക് 75 വർഷവും എന്ന പരിധിയുണ്ട്. ഏകീകൃത 25 വർഷത്തെ പരിധി ഏർപ്പെടുത്താൻ കർണാടക സർക്കാർ തീരുമാനമെടുക്കുകയും അത് കേന്ദ്രത്തിന് അയക്കുകയും ചെയ്യും. വനപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ബുദ്ധിമുട്ടിക്കരുതെന്ന് വനം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കസ്തൂരിരംഗൻ ശിപാർശകൾക്ക് കീഴിൽ കൊണ്ടുവരേണ്ട മേഖലകൾ അന്തിമമാക്കുന്നതിന് മുമ്പ് ഭൗതിക സർവേ നടത്തണമെന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ സംഘടനകളുടെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ആവശ്യപ്പെട്ടു. കേരളത്തിൽ ഏകദേശം 13,000 ചതുരശ്ര കിലോമീറ്ററും കർണാടകയിൽ ഏകദേശം 20,000 ചതുരശ്ര കിലോമീറ്ററും കസ്തൂരിരംഗൻ റിപ്പോർട്ട് ഉൾക്കൊള്ളുന്നുവെന്ന് അവർ പറഞ്ഞു.കേരളം ഉന്നതതല സമിതി വഴി ഭൗതിക സർവേ നടത്തി ജനവാസ മേഖലകളെ വനപ്രദേശങ്ങളിൽനിന്ന് വേർതിരിച്ചു എന്ന് പ്രതിനിധികൾ പറഞ്ഞു.
ഇത് ശിപാർശകൾക്ക് കീഴിലുള്ള വിസ്തീർണം കുറച്ചുവെന്നും കർണാടകയിൽ സമാന സർവേ നടത്തിയാൽ ഏകദേശം 5,000 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കാനാകുമെന്നും അവർ ചൂണ്ടിക്കാട്ടി. കസ്തൂരിരംഗൻ കമ്മിറ്റി ഉപഗ്രഹ, ജി.പി.എസ് അധിഷ്ഠിത മാപ്പിങ്ങിനെ ആശ്രയിച്ചിരുന്നുവെന്നും ഭൗതിക സർവേ നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.