ബംഗളൂരു: അസൗകര്യങ്ങളിൽ ഞെരുങ്ങിയ ബംഗളൂരു റയിൽവേ വികസനത്തിലേക്കുള്ള കുതിപ്പിലാണെന്ന് ദക്ഷിണ പശ്ചിമ റയിൽവേ ജനറൽ മാനേജർ മുകുൾ സരൺ മാത്തൂർ പറഞ്ഞു. 1144 റൂട്ട് കിലോമീറ്ററുകളിലായി വ്യാപിച്ചുകിടക്കുന്ന ബംഗളൂരുവിലെ റെയിൽ ശൃംഖലയാണ് മുന്നിൽ. യാത്രക്കാരുടെ ഗതാഗതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാനപ്പെട്ട, പൂർണമായും വൈദ്യുതീകരിച്ച റെയിൽവേ ഡിവിഷനാണിത്.
നഗരത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി ദക്ഷിണ വിവിധ പദ്ധതികൾ പശ്ചിമ റെയിൽവേ ഏറ്റെടുത്തിട്ടുണ്ട്. ബംഗളൂരു സർക്കുലർ റെയിൽവേ, സ്റ്റേഷൻ നവീകരണം, പാത ഇരട്ടിപ്പിക്കൽ, നാലിരട്ടിയാക്കൽ, വളരെക്കാലം വൈകിയ സബർബൻ റെയിൽവേ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നഗരത്തിലെ നാല് ടെർമിനലുകളിൽ, കെ.എസ്.ആർ ബംഗളൂരു അമിതമായി ഉപയോഗിക്കപ്പെടുന്നു. അതേസമയം, എസ്.എം.വി.ടി ബംഗളൂരുവും ബംഗളൂരു കന്റോൺമെന്റും ഉപയോഗശൂന്യമായി തുടരുന്നു. യശ്വന്ത്പുരും ബംഗളൂരു കന്റോൺമെന്റും പുനർവികസനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പണി ഉടൻ പൂർത്തിയാകും. കെ.എസ്.ആർ ബംഗളൂരുവിനെ ആധുനികവത്കരിക്കാനും അതിന്റെ ശേഷി വർധിപ്പിക്കാനും പദ്ധതിയുണ്ട്. രണ്ട് പ്രധാന യാർഡ് പുനർനിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി.
ഗതി ശക്തി യൂനിറ്റ് (ജി.എസ്.യു) നടപ്പിലാക്കിയ യാർഡ് പുനർനിർമാണത്തിന്റെ ഭാഗമായി ട്രെയിനുകളുടെ സ്വീകരണത്തിനും ഡിസ്പാച്ചിനുമുള്ള സിഗ്നലിങ് ക്രമീകരണങ്ങളിലൂടെ പ്രവർത്തന വഴക്കം ലഘൂകരിച്ചു. കൂടുതൽ ട്രെയിനുകൾ കൈകാര്യം ചെയ്യുന്നതിനായി യശ്വന്ത്പുർ ഗ്രിഡിൽ രണ്ട് അധിക പ്ലാറ്റ്ഫോമുകൾ ഉണ്ടാകും. എം.ജി റെയിൽവേ കോളനിയുടെ ഒരു ഭാഗം പുനർനിർമിക്കുകയും ചില കെട്ടിടങ്ങൾ മാറ്റിസ്ഥാപിക്കുകയും ചെയ്യും. പദ്ധതിയിൽ പൂർണ വളർച്ചയെത്തിയ ഏകദേശം 200 മരങ്ങൾ മുറിച്ചുമാറ്റേണ്ടിവന്നേക്കാം.
ആവശ്യമായ അനുമതികൾ വാങ്ങും. കെ.എസ്.ആർ ബംഗളൂരു പുനർവികസനം ആർ.എൽ.ഡി.എ (റെയിൽ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റി) നിർവഹിക്കും. ഭൂമി വിറ്റഴിക്കുന്നതിലൂടെ ധനസമ്പാദനം നടത്തുകയും യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുകയും സ്റ്റേഷനിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും. നടപടിക്രമങ്ങൾ അന്തിമമാക്കിവരുകയാണ്.
ബംഗളൂരു കന്റോൺമെന്റിന് എട്ട് പ്ലാറ്റ്ഫോമുകളാണുള്ളത്. ഇതിൽ ഭൂരിഭാഗവും ഡെഡ് എൻഡ് പ്ലാറ്റ്ഫോമുകളാണ്. അതായത്, ട്രെയിനുകൾക്ക് അവയിലൂടെ ഓടാൻ കഴിയില്ല. വന്ദേ ഭാരത് ട്രെയിൻ അറ്റകുറ്റപ്പണികൾക്കായി ഒരു പിറ്റ്ലൈൻ നിർമിക്കുന്നുണ്ട്. ബംഗളൂരു കന്റോൺമെന്റിൽനിന്ന് ഈ ട്രെയിനുകൾ കൂടുതൽ ഓടിക്കാനാണ് റയിൽവേ ഇഷ്ടപ്പെടുന്നത്. തനിസാന്ദ്രയിൽ ഒരു പുതിയ അറ്റകുറ്റപ്പണി ഡിപ്പോ വരുന്നതോടെ വന്ദേഭാരത് റേക്കുകൾ ലഭ്യമാകും. കൂടുതൽ ട്രെയിനുകൾ അവതരിപ്പിക്കാനും കഴിയും. കഴിഞ്ഞ ജൂൺ അഞ്ചിന് നടന്ന ഒരു യോഗത്തിൽ ബംഗളൂരുവിന്റെ പ്രധാന പ്രദേശത്തുനിന്നുള്ള ദൂരവും മറ്റു ഘടകങ്ങളും കണക്കിലെടുത്ത് ദേവനഹള്ളിയിൽ പുതിയ കോച്ചിങ് ടെർമിനൽ സ്ഥാപിക്കുന്നതിന് നേരത്തേയുള്ള നിർദേശം അനുയോജ്യമല്ലെന്ന് തീരുമാനിച്ചു. നമുക്ക് ടെർമിനൽ നിർമിക്കാം, പക്ഷേ ആരും അത് ഉപയോഗിക്കുന്നില്ലെങ്കിൽ എന്താണ് പ്രയോജനം?
പകരം, യെലഹങ്കയിൽ ഒരു പുതിയ ടെർമിനൽ അല്ലെങ്കിൽ അറ്റകുറ്റപ്പണി സൗകര്യം സ്ഥാപിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണ്. റെയിൽ വീൽ ഫാക്ടറി (ആർ.ഡബ്ല്യു.എഫ്) പൂർണമായി മാറ്റിസ്ഥാപിക്കുന്നതും മറ്റൊന്ന് നിലനിർത്തുന്നതും ഉൾപ്പെടുന്ന രണ്ട് ആശയപരമായ പദ്ധതികൾ തയാറാക്കിയിട്ടുണ്ട്, അവ അവലോകനത്തിലാണ്. കന്റോൺമെന്റ്-വൈറ്റ്ഫീൽഡ് ക്വാഡ്രപ്ലിങ് പൂർത്തിയാക്കൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ കാരണം കാലതാമസം നേരിട്ടു.
ഇത് ഇടതൂർന്ന നഗര സാഹചര്യങ്ങളിൽ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ചില സ്ഥലങ്ങളിൽ ബംഗളൂരു സബർബൻ റെയിൽവേ പ്രോജക്റ്റ് (ബി.എസ്.ആർ.പി) കാരണം മാറ്റങ്ങൾ വരുത്തേണ്ടിവന്നു. ഇപ്പോൾ പണി പുരോഗമിക്കുന്നു. കന്റോൺമെന്റ് -ബൈയപ്പനഹള്ളി വിഭാഗം ഡിസംബറോടെ നാലിരട്ടിയും അടുത്ത മാർച്ചോടെ മുഴുവൻ ഭാഗവും വർധിപ്പിക്കും.
സൗത്ത് വെസ്റ്റേൺ റെയിൽവേ നെറ്റ്വർക്കിലുടനീളം വേഗ പരിധി മണിക്കൂറിൽ കുറഞ്ഞത് 100 കിലോമീറ്ററായി ഉയർത്തുകയാണ്. ബംഗളൂരു-ജോളാർപേട്ട ലൈനിലെ സെക്ഷനൽ വേഗം മണിക്കൂറിൽ 130 കിലോമീറ്ററായി വർധിപ്പിക്കാനായി. മൊത്തത്തിലുള്ള യാത്രാസമയം കുറക്കുന്നത് സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു. അതിനായി പ്രവർത്തിക്കുന്നു. ബംഗളൂരു-മുംബൈ റൂട്ടിന് ഇതിന്റെ പ്രയോജനം ലഭിച്ചേക്കാം.
ബംഗളൂരുവിന് ചുറ്റും 240 കിലോമീറ്റർ വൃത്താകൃതിയിലുള്ള റെയിൽവേ നിർമിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കിക്കൊണ്ടിരിക്കുന്നു. നിദവന്ദ-ദൊഡ്ഡബല്ലാപുർ-ദേവനഹള്ളി-മാലൂർ: 96 കി.മീ, മാലൂർ-ആനേക്കൽ റോഡ്-ഹെജ്ജല്ല-98 കി.മീ, ഹെജ്ജല-സോലൂർ-നിടവണ്ട-46 കി.മീ എന്നിങ്ങനെ നിർമിക്കുന്നതിന് 81,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് പൂർണമായും കേന്ദ്ര സർക്കാർ ധനസഹായം നൽകാനാണ് ഉദ്ദേശിക്കുന്നത്.
വർത്തമാന, ഭാവി ഗതാഗത സാധ്യതകളും മറ്റു ഘടകങ്ങളും പരിഗണിച്ചായിരിക്കും ഡി.പി.ആർ തയാറാക്കുക. ജനവാസ മേഖലകൾ, പൈതൃകം/സ്മാരകങ്ങൾ/മതപരമായ ഘടനകൾ, ജലാശയങ്ങൾ എന്നിവ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ദോഡ്ജാലയിൽനിന്ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെ.ഐ.എ) 7.9 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ലൈൻ, മൂന്ന് പുതിയ സ്റ്റേഷനുകൾ ഒരു റെയിൽ-ഓവർ-റെയിൽ (റോആർ) മേൽപാലം വഴി നിർമിക്കൽ എന്നിവ ചർച്ച ചെയ്യുന്നതിനായി വിമാനത്താവള അധികൃതരുമായി യോഗം ചേർന്നു. ഭാവിയിലെ ടെർമിനൽ മൂന്നിലേക്ക് ലൈൻ ബന്ധിപ്പിക്കാൻ അവർ നിർദേശിച്ചു. എന്നാൽ, ഗതാഗത ആവശ്യകതകൾ നിറവേറ്റാൻ ഈ ലൈൻ സഹായിക്കില്ലെന്ന് തങ്ങളുടെ പഠനങ്ങൾ തെളിയിച്ചു. പദ്ധതിക്ക് അനുമതി ലഭിച്ചിട്ടില്ലെന്ന് ജനറൽ മാനാജർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.