ബംഗളൂരു: സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 10,000 കോടി രൂപ അനുവദിക്കണമെന്ന് കർണാടക സംസ്ഥാന നയ-ആസൂത്രണ കമീഷന്‍റെ ഉപസമിതി സംസ്ഥാന സർക്കറിനോട് ശിപാർശ ചെയ്തു. കമീഷന്‍ വൈസ് ചെയർമാനും ആലന്ദിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എയുമായ ബി.ആർ. പാട്ടീൽ വ്യാഴാഴ്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. 2026-27 സംസ്ഥാന ബജറ്റിലെ ശിപാർശകൾ പരിഗണിക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം മെച്ചപ്പെടുത്തുക, വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക, ഉന്നത വിദ്യാഭ്യാസം പുനഃക്രമീകരിക്കുക എന്നിവയില്‍ കേന്ദ്രീകരിക്കണമെന്നും കമീഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ സമഗ്രമായ രൂപരേഖ തയാറാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സംസ്ഥാനവ്യാപകമായി നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രവർത്തന പദ്ധതി തയാറാക്കാൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. സ്കൂൾ വികസന, നിരീക്ഷണ സമിതികൾ (എസ്.ഡി.എം.സി.എസ്) ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ട് ആഹ്വാനം ചെയ്തു. ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ രീതിയിലാണ് പദ്ധതി നടപ്പാക്കേണ്ടതെന്നും രാഷ്ട്രീയ ഇടപെടൽ ഇല്ലാതാക്കണമെന്നും ഊന്നിപ്പറഞ്ഞു. സ്കൂൾ ഭരണത്തിൽ സമൂഹ പങ്കാളിത്തവും സമിതി ശിപാർശ ചെയ്തു. നാലു മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഉൾപ്പെടുത്തി വിദ്യാഭ്യാസ അവകാശ നിയമം ഘട്ടം ഘട്ടമായി വികസിപ്പക്കന്നമെന്നും 6-14 വയസ്സ് പ്രായമുള്ളവർക്ക് മാത്രമായി വിദ്യാഭ്യാസം പരിമിതപ്പെടുത്തുന്നത് നിലവിലെ വിദ്യാഭ്യാസ രംഗത്ത് അപര്യാപ്തമാണെന്ന് പ്രസ്താവിച്ചു.
സെക്കൻഡറി തലത്തിൽ പെൺകുട്ടികൾക്കുള്ള സൗജന്യ സൈക്കിൾ വിതരണ പദ്ധതി പുനരുജ്ജീവിപ്പിക്കണം. സെക്കൻഡറി തലത്തിൽ 22.9 ശതമാനം വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് സമിതി ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ രംഗത്ത് എ.ഐ സാങ്കേതിക വിദ്യ കണക്കിലെടുത്ത് ദീർഘകാല അക്കാദമിക് ആവശ്യകതകൾ പുനർനിർണയിക്കാതെ ഒഴിവുള്ള അധ്യാപക തസ്തികകൾ നികത്തരുതെന്ന് റിപ്പോർട്ട് ഉപദേശിച്ചു.
ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അധ്യാപക നിയമനം അവലോകനം ചെയ്യുന്നതിനായി ആറ് മാസത്തിനുള്ളിൽ ഒരു വിദഗ്ധ സമിതി രൂപവത്കരിക്കണം. കേന്ദ്ര സർക്കാറിൽനിന്നുള്ള ഗവേഷണ ഗ്രാന്‍റുകളിൽ ഉണ്ടായ കുറവ് പരിഹരിക്കുന്നതിനും സർവകലാശാലകളുടെയും കോളജുകളുടെയും നവീകരണം, പേറ്റന്‍റുകള്‍, അക്കാദമിക് മികവ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു 'കർണാടക സ്റ്റേറ്റ് റിസർച് എൻഡോവ്‌മെന്റ് ഫണ്ട്' രൂപവത്കരിക്കാൻ പാനൽ ശിപാർശ ചെയ്തു.
എല്ലാ സർവകലാശാലകളിലും സ്കിൽ ഡെവലപ്‌മെന്റ് ഡിപ്പാർട്മെന്റുകൾ സ്ഥാപിക്കാനും തൊഴിൽ വിപണിയിലെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനായി ഇൻഡസ്ട്രി-അക്കാദമിയ അഡ്വൈസറി ബോർഡുകൾ രൂപവത്കരിക്കാനും പാനൽ ആവശ്യപ്പെട്ടു.
കർണാടക സ്റ്റേറ്റ് പോളിസി ആൻഡ് പ്ലാനിങ് കമീഷന്‍റെ (കെ.എസ്.പി.പി.സി) അഞ്ചംഗ ഉപസമിതി തയാറാക്കിയ ഈ ശിപാർശകൾ വരാനിരിക്കുന്ന ബജറ്റിൽ പരിഗണിക്കുന്നതിനായി സർക്കാറിന് സമർപ്പിച്ചു. കമീഷൻ സമർപ്പിച്ച 204 പേജുള്ള ഈ റിപ്പോർട്ടിൽ വിദ്യാഭ്യാസം കൂടാതെ ആരോഗ്യം, പരിസ്ഥിതി, കൃഷി, വനിതാ-ശിശുവികസനം, തൊഴിലാളി ക്ഷേമം എന്നീ മേഖലകളിലെ ശിപാർശകളും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.