പ്രതീകാത്മക ചിത്രം
ബംഗളൂരു: നിരോധനാജ്ഞ ലംഘിച്ച് കർണാടകയിലെ ബാഗൽകോട്ട് നഗരത്തിൽ വെള്ളിയാഴ്ച വീണ്ടും കല്ലേറും പൊലീസ് ലാത്തിച്ചാർജും. നഗരത്തിലെ കശാപ്പ്, മാംസക്കടകൾ എന്നിവ ലക്ഷ്യമിട്ട് ഒരു കൂട്ടമാളുകൾ കല്ലെറിഞ്ഞതായാണ് റിപ്പോർട്ട്. നേരത്തേ ഘോഷയാത്രക്കിടെയുണ്ടായ കല്ലേറിനെത്തുടർന്ന് വെള്ളിയാഴ്ച ബാഗൽകോട്ട് നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. ഫെബ്രുവരി 24ന് അർധരാത്രി വരെ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ തുടരും.
സംഭവത്തിൽ പ്രതിഷേധിച്ച് കടകളും സ്ഥാപനങ്ങളും അടച്ചിടാൻ ഹിന്ദു സംഘടന പ്രവർത്തകർ ആഹ്വാനം ചെയ്തു. ചില പ്രദേശങ്ങളിൽ, പ്രവർത്തകർ പൊലീസുമായി തർക്കത്തിലേർപ്പെട്ടു. പൊലീസ് സൂപ്രണ്ട് സിദ്ധാർഥ് ഗോയലിന്റെ നേതൃത്വത്തിൽ പൊലീസ് മേഖലയിൽ ക്യാമ്പ് ചെയ്യുന്നു. ഹിന്ദു സംഘടന പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുത്ത ബി.ജെ.പി രാജ്യസഭാംഗം നാരായൺസ ബന്ദേജും ജനക്കൂട്ടത്തോട് അക്രമത്തിൽ ഏർപ്പെടരുതെന്നും വീടുകളിലേക്ക് മടങ്ങണമെന്നും അഭ്യർഥിച്ചു.
ബാഗൽകോട്ടിൽ നടന്ന കല്ലേറ് സംഭവം സാമൂഹിക സമാധാനത്തിനും ഐക്യത്തിനും ഹാനികരമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ‘എക്സ്’ പോസ്റ്റിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും നിഷ്പക്ഷ അന്വേഷണം നടത്തി, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചില പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ ചോദ്യം ചെയ്തുവരുകയാണ്. സംഭവത്തിന് ഉത്തരവാദികളായ എല്ലാവർക്കും ശിക്ഷ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഹിന്ദുവിരുദ്ധ കോൺഗ്രസ് സർക്കാറിന്റെ ഭരണത്തിൻ കീഴിൽ ഹിന്ദു ആചാരങ്ങൾ നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ സംശയം വർധിച്ചുവരുകയാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.