ഇവാൻ ഡിസൂസ, മിഥുൻ റൈ
മംഗളൂരു: ബുധനാഴ്ച മംഗളൂരു വിമാനത്താവളം പരിസരത്ത് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാറിന് മുദ്രാവാക്യം മുഴക്കിയതുമായി ബന്ധപ്പെട്ട് രണ്ടു കോൺഗ്രസ് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്. മുതിർന്ന നേതാവ് ഇവാൻ ഡിസൂസ എം.എൽ.സി, കെ.പി.സി.സി ജനറൽ സെക്രട്ടറി മിഥുൻ റൈ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി.
മംഗളൂരുവിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമാനമിറങ്ങിയതിന് പിന്നാലെ അദ്ദേഹത്തെ വലയം ചെയ്തായിരുന്നു ഡിസൂസയുടെയും മിഥുൻ റൈയുടെയും സാന്നിധ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ഡി.കെ, ഡി.കെ എന്ന് ആർത്തുവിളിച്ചത്. മംഗളൂരു സർവകലാശാലയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വേണുഗോപാൽ. ആ ചടങ്ങിൽ ശിവകുമാർ ഉണ്ടായിരുന്നില്ല.
പാർട്ടി അച്ചടക്കം ലംഘിച്ചതിന് എ.ഐ.സി.സി സെക്രട്ടറി റോജി ജോണാണ് മിഥുൻ റൈക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുഴുവൻ സമയ മുഖ്യമന്ത്രിയായി പരസ്യമായി പ്രഖ്യാപിച്ച ഇവാൻ ഡിസൂസക്ക് കോൺഗ്രസ് അച്ചടക്ക സമിതിയിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചു. മുഖ്യമന്ത്രിയുടെ സ്ഥാനത്തെച്ചൊല്ലി പാർട്ടിക്കുള്ളിൽ കൂടുതൽ തർക്കങ്ങൾ ഉണ്ടാകുന്നത് തടയുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് നേതൃത്വം അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിലും മുഖ്യമന്ത്രി ചൊവ്വാഴ്ച ശിവകുമാറിന്റെ സ്വകാര്യ വസതിയിലും പ്രാതൽ കഴിച്ച് നേതൃമാറ്റം തർക്കം അവസാനിപ്പിച്ചു എന്ന് അവകാശപ്പെട്ട സാഹചര്യത്തിലായിരുന്നു മംഗളൂരു വിമാനത്താവളത്തിൽ വിഭാഗീയ ശബ്ദം ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.