ബംഗളൂരു: വിധാൻ സൗധ പരിസരത്ത് ചൊവ്വാഴ്ച നടന്ന പരിപാടിയിൽ ഉപമുഖ്യമന്ത്രിയും കർണാടക കോൺഗ്രസ് പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ സൈക്ൾ ചവിട്ടുന്നതിനിടെ ചെറുതായൊന്ന് വീണു. വനംവകുപ്പും കർണാടക മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി സംഘടിപ്പിച്ച ‘പരിസര നടിഗെ (പരിസ്ഥിതി മാർച്ച്)’ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം.
കണ്ണടയും നീല ടീഷർട്ടും ട്രൗസറും സ്പോർട്സ് ഷൂസും ധരിച്ച ശിവകുമാർ വിധാൻ സൗധ പരിസരത്ത് കോൺഗ്രസ് എം.എൽ.എയും കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനുമായ പി.എം. നരേന്ദ്രസ്വാമിക്കും പരിസ്ഥിതി പ്രവർത്തകർക്കും ഒപ്പം സൈക്ൾ ചവിട്ടുകയും വിജയ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു.
എന്നാൽ, യാത്രയുടെ അവസാനം വിധാൻ സൗധയുടെ വടക്കേ പ്രവേശ കവാടത്തിൽ സൈക്ൾ നിർത്താൻ ശ്രമിക്കുന്നതിനിടയിൽ ശിവകുമാറിന് ബാലൻസ് നഷ്ടപ്പെട്ടു. ഒരുവിധം സൈക്ൾ നിർത്തി താഴെയിറങ്ങാൻ ശ്രമിച്ചു. ഇറങ്ങിയ ശേഷവും സൈക്ൾ മുന്നോട്ട് നീങ്ങി. ഹാൻഡിൽബാർ പിടിച്ചിരുന്ന ശിവകുമാർ പിന്നീട് പടികളിൽ വീണു. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലാകാതെ പൊലീസും മറ്റുള്ളവരും ശിവകുമാറിന്റെ അടുത്തേക്ക് ഓടിയെത്തി അദ്ദേഹത്തെ എഴുന്നേൽപിക്കാൻ സഹായിച്ചു.
സംഭവത്തിൽ പിന്മാറാതെ ശിവകുമാർ പുഞ്ചിരിച്ചു. ഉഷാറായി നടന്ന് വീണ്ടും മാധ്യമങ്ങൾക്ക് നേരെ കൈ വീശി, പുഞ്ചിരിച്ചു. പിന്നീട് ‘എക്സി’ൽ ശിവകുമാർ ഇങ്ങനെ കുറിച്ചു: അധികാരത്തിന്റെ ഇടനാഴികളിൽ, ഞാൻ ഒരു സൈക്ൾ തെരഞ്ഞെടുത്തു -കാരണം പുരോഗതിക്ക് എല്ലായ്പോഴും കുതിരശക്തി ആവശ്യമില്ല, ജനങ്ങളുടെ ശക്തി മാത്രം മതി’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.