എ.ടി.
രാമസ്വാമി
ബംഗളൂരു: മേയ് 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ മുതിർന്ന ജെ.ഡി.എസ് എം.എൽ.എ എ.ടി. രാമസ്വാമി നിയമസഭാംഗത്വം രാജിെവച്ചു. അർകൽഗുഡ് മണ്ഡലം എം.എൽ.എയായ അദ്ദേഹം വെള്ളിയാഴ്ച നിയമസഭ സെക്രട്ടറിക്കാണ് രാജി നൽകിയത്. ബി.ജെ.പിയിലാണോ കോൺഗ്രസിലാണോ ചേരുകയെന്നതിൽ വ്യക്തതയില്ല. ഈ ആഴ്ച രാജിവെക്കുന്ന രണ്ടാമത്തെ ജെ.ഡി.എസ് എം.എൽ.എയാണ്. എസ്.ആർ. ശ്രീനിവാസ് (ഗുബ്ബി ശ്രീനിവാസ് എന്ന വാസു) എം.എൽ.എ സ്ഥാനം രാജിവെച്ച് വ്യാഴാഴ്ച കോൺഗ്രസിൽ ചേർന്നിരുന്നു. നിയമസഭ സ്പീക്കറായ വിശ്വേശ്വർ ഹെഗ്ഡെ ഉത്തര കന്നടയിലെ തന്റെ സ്വദേശമായ സിർസിയിലായതിനാലാണ് സെക്രട്ടറിക്ക് രാജി നൽകിയതെന്നും സ്പീക്കർ എത്തിയാലുടൻ നേരിട്ട് കണ്ട് രാജി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും എ.ടി. രാമസ്വാമി പറഞ്ഞു. ‘ഞാൻ ജെ.ഡി.എസിൽനിന്ന് രാജിവെച്ചതല്ല, അവർ എന്നെ പുറത്തു ചാടിച്ചതാണ്. പണം അധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെ ഇരയാണ് ഞാൻ. മറ്റു പാർട്ടികളിൽനിന്നുള്ളവർ തന്നോട് സംസാരിച്ചിട്ടുണ്ട്. എന്നാൽ, ഭാവി സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ട്’ -അദ്ദേഹം പറഞ്ഞു. നിയമസഭ അംഗമായി പ്രവർത്തിക്കാൻ അവസരം നൽകിയതിന് ജെ.ഡി.എസിനോട് നന്ദിയുണ്ടെന്നും വ്യക്തിപരമായ താൽപര്യങ്ങൾക്കായി ഇതുവരെ പ്രവർത്തിച്ചിട്ടില്ലെന്നും സംസ്ഥാനത്തിനും മണ്ഡലത്തിലെ ജനങ്ങൾക്കുമായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഹാസൻ ജില്ലയിലെ ജെ.ഡി.എസിന്റെ ശക്തികേന്ദ്രമായ അർകൽഗുഡിൽനിന്ന് നാല് തവണ എം.എൽ.എ ആയ രാമസ്വാമി അടുത്തിടെ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. അതേസമയം, നേരത്തേ കോൺഗ്രസിലും ബി.ജെ.പിയിലും ഉണ്ടായിരുന്ന മുൻ മന്ത്രി എ. മഞ്ജു അടുത്തിടെ ജെ.ഡി.എസിൽ ചേർന്നിരുന്നു. ഈ തെരഞ്ഞെടുപ്പിൽ മഞ്ജുവിനായിരിക്കും മണ്ഡലത്തിൽ സീറ്റ് നൽകുകയെന്നാണ് വിവരം. ഇതോടെയാണ് രാമസ്വാമി എം.എൽ.എ സ്ഥാനം രാജിവെച്ചത്. അർസിക്കരെയിൽനിന്നുള്ള മറ്റൊരു ജെ.ഡി.എസ് എം.എൽ.എയായ ശിവലിംഗെ ഗൗഡ കോൺഗ്രസിൽ ചേരാൻ ഉടൻ രാജിവെക്കാൻ സാധ്യതയുണ്ടെന്നും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.