ബംഗളൂരു: പട്ടികജാതി (എസ്.സി) വിഭാഗങ്ങൾക്കായുള്ള സംസ്ഥാനതല ആഭ്യന്തര സംവരണ സർവേ മേയ് 29 വരെ നീട്ടി. ഇതു രണ്ടാം തവണയാണ് തീയതി നീട്ടി നൽകുന്നത്. ആദ്യം മേയ് 17നകം സർവേ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പിന്നീട് ഇത് മേയ് 25ലേക്ക് നീട്ടി.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ബംഗളൂരുവിലുണ്ടായ കനത്ത മഴ എന്യൂമറേറ്റർമാരുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതോടെയാണ് തീയതി നീട്ടാൻ തീരുമാനിച്ചത്. മറ്റു ജില്ലകളെ അപേക്ഷിച്ച് ബംഗളൂരു നഗരത്തിൽ സർവേ മന്ദഗതിയിലായിരുന്നു നീങ്ങിയത്.
ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് മേയ് 28നകം സമർപ്പിക്കാം. നിലവിലുള്ള സംവരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവും ശാസ്ത്രീയവുമായ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് സർവേയുടെ ലക്ഷ്യം.
ഇപ്പോൾ നടക്കുന്ന സർവേ ജാതി സെൻസസ് അല്ലെന്നും പട്ടികജാതി സമൂഹങ്ങളെ കേന്ദ്രീകരിച്ച് മാത്രമുള്ള സർവേയാണെന്നും തിങ്കളാഴ്ച ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 2024 ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി ഉത്തരവിന് അനുസരിച്ചും റിട്ട.
ഹൈകോടതി ജഡ്ജി നാഗമോഹൻ ദാസ് നേതൃത്വം നൽകുന്ന ഏകാംഗ കമീഷന്റെ ശിപാർശകളുടെ അടിസ്ഥാനത്തിലുമാണ് സർവേ നടത്തുന്നത്. സർവേ നടപടികൾക്കായി ഏകദേശം 100 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. സർവേക്കായി ഏകദേശം 65,000 അധ്യാപകരെയും നിയോഗിച്ചു.
സർവേയർമാർ ഡേറ്റ രേഖപ്പെടുത്തുന്നതിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കും. വോട്ടർ ഐഡിയിൽ രേഖപ്പെടുത്തിയ വിലാസത്തിന്റെ അടിസ്ഥാനത്തിൽ വീടുകൾ സന്ദർശിക്കുകയും പട്ടികജാതി കുടുംബങ്ങളിലെ ഓരോ അംഗത്തിന്റെയും വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും.
ജാതി, ഉപജാതി വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തും. രണ്ടു മാസത്തിനകം വിവര ശേഖരണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കും. ഇതിനുശേഷമായിരിക്കും സർക്കാർ സംവരണ നയങ്ങൾ പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.