വഞ്ചനക്കേസ് പ്രതിയായ സംഘ്പരിവാർ നേതാവുമായി പൊലീസ് തെളിവെടുപ്പ് നടത്തി

മംഗളൂരു: ബൈന്തൂർ നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ വാങ്ങി വഞ്ചിച്ചുവെന്ന കേസിലെ മുഖ്യ പ്രതി സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുരയെ മറ്റൊരു തട്ടിപ്പ് പരാതിയിൽ ഉഡുപ്പി കൊട പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. അഞ്ച് ലക്ഷം രൂപ വാങ്ങി ചതിച്ചു എന്ന ബ്രഹ്മാവർ കൊടി കന്യാന സ്വദേശിയും മീൻ കച്ചവടക്കാരനുമായ കെ.സുധീനയുടെ (33) പരാതിയിലാണ് അന്വേഷണം.

തന്റെ പേരിൽ ഉടുപ്പിയിലും കുന്താപുരം കൊടയിലും തുണിക്കട തുടങ്ങിത്തരാമെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്ന് കൊട പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സുധീന പറഞ്ഞിരുന്നു.ബി.ജെ.പിയിൽ ഉന്നതങ്ങളിൽ പിടിപാടുള്ള നേതാവ് എന്ന നിലയിലാണ് 2015ൽ ചൈത്രയെ പരിചയപ്പെട്ടത്.

കേന്ദ്രത്തിലുൾപ്പെടെ മന്ത്രിമാരുമായും എം.എൽ.എമാരുമായും അടുത്ത ബന്ധമുണ്ടെന്നാണ് പറഞ്ഞത്. 2018 നും '22നും ഇടയിൽ മൂന്ന് ലക്ഷം രൂപ തന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ചൈത്രയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി സുധീന പരാതിയിൽ പറഞ്ഞു. കൊടക് മഹീന്ദ്ര ബാങ്ക് വിജയവാഡ ശാഖ, കർണാടക ബാങ്ക് സസ്താൻ ശാഖ എന്നിവിടങ്ങളിലെ അക്കൗണ്ടുകളിൽ നിന്നാണ് തുക അയച്ചത്. ബാക്കി തുക ഈ വർഷം വരെ പണമായും നൽകി. തുണിക്കടകളുടെ കാര്യത്തിൽ അനക്കം കാണാത്തതിനാൽ സംശയം തോന്നി. ഒന്നുകിൽ കട തുടങ്ങണം അല്ലെങ്കിൽ പണം തിരിച്ചു തരണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഭീഷണിയായിരുന്നു ഫലം. വ്യാജ ബലാത്സംഗ കേസ് കൊടുക്കും, ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കും എന്നൊക്കെയായിരുന്നു ഭീഷണി.ചൈത്ര അറസ്റ്റിലായത് അറിഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ചൈത്രയെ ഉഡുപ്പിയിലേക്ക് കൊണ്ടുവന്ന് ബ്രഹ്മാവർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.കോടതി രണ്ടു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. മംഗളൂരു ജയിലിൽ പാർപ്പിക്കുന്ന പ്രതിയെ തെളിവെടുപ്പ് കഴിഞ്ഞാൽ പരപ്പന ജയിലിലേക്ക് മാറ്റും.

Tags:    
News Summary - Sangh Parivar accused in fraud case The police took evidence with the leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.