പ്രസാദ് അത്താവർ
മംഗളൂരു: നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിന് സമീപമുള്ള യൂനിസെക്സ് സലൂണിൽ അതിക്രമിച്ചുകയറിയ കേസിൽ അറസ്റ്റിലായ രാംസേന നേതാവ് പ്രസാദ് അത്താവറിന്റെ മൊബൈൽ ഫോണിൽനിന്ന് മൃഗബലിയുടെ വിഡിയോകൾ കണ്ടെത്തി. ഇതേത്തുടർന്ന് ഇയാൾക്കെതിരെ ബാർകെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ആരാധനാദൈവത്തിന് മുന്നിൽ അഞ്ച് ആടുകളെ ബലിയർപ്പിക്കുകയും രക്തം മുഡ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എതിരെ പരാതി നൽകിയ സ്നേഹമയി കൃഷ്ണയുടെയും വിവരാവകാശ പ്രവർത്തകനായ ഗംഗാരാജുവിന്റെയും ഫോട്ടോകളിൽ പുരട്ടുകയും ചെയ്യുന്ന വിഡിയോയാണ് പൊലീസിന് ലഭിച്ചത്.
ഇരുവരെയും ആത്മീയമായി ശാക്തീകരിക്കാനാണ് ബലി നടത്തിയതെന്നാണ് വിവരമെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രസാദ് അത്താവറിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി വിഡിയോകൾ കണ്ടെത്തി. അനന്ത് ഭട്ട് ആരാണെന്നും എവിടെയാണ് യാഗം നടന്നതെന്നും അന്വേഷിക്കുകയാണെന്ന് കമീഷണർ അറിയിച്ചു. സംഭവം മുതിർന്ന ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. കദ്രി പൊലീസ് ഇൻസ്പെക്ടർ സോമശേഖർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി വൈകി ബാർകെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
മൃഗബലി നടത്തുന്നതിന് അനന്ത് ഭട്ടിന് പ്രസാദ് അത്താവർ പണം കൈമാറിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് പ്രസാദ് അത്താവറിനും അനന്ത് ഭട്ടിനുമെതിരെ മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മംഗളൂരുവിലെ കളേഴ്സ് യൂനിസെക്സ് സലൂൺ ഈ മാസം 23ന് ഉച്ചയോടെയാണ് രാം സേന സംഘം അക്രമിച്ച് നാശനഷ്ടങ്ങൾ വരുത്തിയത്. സംഭവത്തിൽ ഉടമ സുധീർ ഷെട്ടി നൽകിയ പരാതിയിൽ കേസെടുത്ത ബാർക്ക പൊലീസ് 14 പേരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.