ബംഗളൂരു: കർണാടക സർക്കാറിന്റെ അഭിമാന ഉൽപന്നമായ മൈസൂർ സാൻഡൽ സോപ്പ് കഴിഞ്ഞ മാസം വിപണി കീഴടക്കി ചരിത്രം കുറിച്ചു. പുതിയ ബ്രാൻഡ് അംബാസഡറായി തെലുങ്ക്-തമിഴ് നടി തമന്ന ഭാട്ടിയയെ നിയമിച്ചതിനെത്തുടർന്നുള്ള ആദ്യ കണക്കെടുപ്പാണിത്. ചന്ദന സോപ്പിന്റെ പൊതുമേഖല നിർമാതാക്കളായ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെ.എസ്.ഡി.എൽ) മേയ് മാസത്തിൽ 186 കോടി രൂപയുടെ ഏറ്റവും ഉയർന്ന പ്രതിമാസ വിറ്റുവരവ് രേഖപ്പെടുത്തി - 108 വർഷ ചരിത്രത്തിലെ നാഴികക്കല്ലായ നേട്ടം.
മേയ് മാസത്തിൽ കമ്പനി 151.5 കോടി രൂപയുടെ വിൽപനയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും എന്നാൽ പ്രതീക്ഷകളെ മറികടന്ന് 35 കോടി രൂപയുടെ അധിക വിൽപന നടത്തി ലക്ഷ്യത്തിന്റെ 125 ശതമാനം കൈവരിക്കുകയും 15 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്തതായി വൻകിട, ഇടത്തരം വ്യവസായ മന്ത്രി എം.ബി. പാട്ടീൽ വാർത്താക്കുറിപ്പിൽ പറഞ്ഞു. മൊത്തം വിറ്റുവരവിൽ 1.81 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. കെ.എസ്.ഡി.എൽ ഇപ്പോൾ വാർഷിക കയറ്റുമതി വരുമാനം 150 കോടി രൂപയായി ഉയർത്താൻ ലക്ഷ്യമിടുന്നു. ഫലപ്രദമായ ബ്രാൻഡിങ്, തന്ത്രപരമായ വിപണി വികാസം, മെച്ചപ്പെട്ട ഉൽപന്ന ഗുണനിലവാരം എന്നിവയാണ് കമ്പനിയുടെ മികച്ച പ്രകടനത്തിന് കാരണമെന്ന് പാട്ടീൽ അവകാശപ്പെട്ടു.
കെ.എസ്.ഡി.എൽ പോർട്ട്ഫോളിയോയിലെ സോപ്പുകൾ, ഷവർ ജെല്ലുകൾ, ധൂപവർഗങ്ങൾ എന്നിവയുൾപ്പെടെ 45 ഉൽപന്നങ്ങൾക്കും പ്രധാന വിപണികളിൽ ശക്തമായ ഡിമാൻഡ് ലഭിച്ചു. പ്രാദേശിക സംഭാവന നൽകുന്നവരിൽ ആന്ധ്രപ്രദേശും തെലങ്കാനയും 85 കോടി രൂപയുടെ വിൽപനയുമായി മുന്നിലെത്തി, കർണാടകയും മറ്റ് സംസ്ഥാനങ്ങളും 100 കോടി രൂപയുടെ സംഭാവന നൽകി. കമ്പനിയുടെ ഇതിനുമുമ്പത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വിറ്റുവരവ് 2024 സെപ്റ്റംബറിലെ 178 കോടി രൂപയായിരുന്നു.
കഴിഞ്ഞ മാസം 22 ന് മൈസൂർ സാൻഡൽ സോപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി തമന്ന ഭാട്ടിയയെ നിയമിച്ചതുമായി ബന്ധപ്പെട്ട് കെ.എസ്.ഡി.എൽ വിവാദത്തിൽ അകപ്പെട്ടിരുന്നു. ഈ നീക്കം വ്യാപകമായ വിമർശനത്തിന് ഇടയാക്കി. എന്നാൽ, ബ്രാൻഡിന്റെ ദേശീയ ആകർഷണം വികസിപ്പിക്കുന്നതിനുള്ള ചുവടുവെപ്പായി മന്ത്രി തീരുമാനത്തെ ന്യായീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.