കോയമ്പത്തൂർ: കോയമ്പത്തൂരിനടുത്ത് ആർ.എസ് പുരം കോർപറേഷൻ ഗവ. സ്‌കൂൾ പരിസരത്ത് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) പ്രവർത്തകർ നടത്തിയ ശാഖ പരിശീലനം വിവാദമായി. സംഭവത്തിൽ ദ്രാവിഡ പാർട്ടികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസ് കേസെടുത്തു. സ്കൂൾ വളപ്പിൽ അതിക്രമിച്ച് കയറിയതിനാണ് ആർഎസ് പുരം പൊലീസ് കേസെടുത്തത്.
സ്കൂളിൽ ആർ.എസ്.എസ് പരിപാടിക്ക് അനുമതി നൽകിയെന്നാരോപിച്ച് കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരെ തന്തൈ പെരിയാർ ദ്രാവിഡർ കഴകം (ടി.പി.ഡി.കെ) പ്രവർത്തകർ സ്കൂളിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം വ്യാപകമായതോടെ അനിഷ്ട സംഭവങ്ങൾ തടയാൻ സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചു.
ഭാവിയിൽ കോർപറേഷൻ സ്‌കൂളുകളിലോ പൊതുസ്ഥലങ്ങളിലോ ആർ.എസ്.എസിന്റെ ഇത്തരം ക്യാമ്പുകൾ ഉണ്ടാകാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നും ടി.പി.ഡി.കെ ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
സ്‌കൂളുകളിൽ സാമൂഹികമോ രാഷ്ട്രീയമോ മതപരമോ ആയ ഒരു സമ്മേളനത്തിനും കോർപറേഷൻ അനുമതി നൽകാറില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും കോയമ്പത്തൂർ കോർപറേഷൻ കമ്മീഷണർ എം. പ്രതാപ് നോട് പറഞ്ഞു. സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്‌കൂളിൽ നടത്തിയത് പരിശീലനമല്ല സേവനമാണെന്ന് ആർ.എസ്.എസ് പ്രതികരിച്ചു.'അവിടെ ശാഖ നടന്നിട്ടില്ല. ആർ.എസ്.എസ് പ്രവർത്തകർ സ്കൂളിൽ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടതാണ്. വാർഷിക സേവാ പരിപാടിയുടെ ഭാഗമായി പൊതുസ്ഥലങ്ങളും മറ്റ് സ്ഥാപനങ്ങളും ഞങ്ങൾ വൃത്തിയാക്കാറുണ്ട്' ആർ.എസ്.എസ് അംഗത്തെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.