രാമേശ്വരം കഫേ സ്ഫോടനം; ഗുരുതര പരിക്കേറ്റ യുവതി തിരികെ സാധാരണ ജീവിതത്തിലേക്ക്
ബംഗളൂരു: വൈറ്റ് ഫീൽഡ് ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ യുവതി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബംഗളൂരു സ്വദേശിനി പി.ആർ. നാഗശ്രീക്കാണ് കണ്ണിന് ഗുരുതര പരിക്കേറ്റിരുന്നത്. റെറ്റിനൽ സർജറിയിലൂടെ കണ്ണിലെ കോർണിയ മാറ്റിവെച്ച നാഗശ്രീക്ക് 80 ശതമാനം കാഴ്ചയും തിരികെ ലഭിച്ചു. യുവതിയുടെ വലതു കണ്ണിനാണ് കാര്യമായി പരിക്കേറ്റിരുന്നത്. വസ്തുക്കളെ മങ്ങിയനിലയിലോ നിഴലായോ ആണ് കാണാൻ കഴിഞ്ഞിരുന്നത്. സ്ഫോടനത്തിൽ പരിക്കേറ്റതോടെ നാലുദിവസം മറ്റൊരു ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് ബംഗളൂരു നേത്രധാമ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു. കാഴ്ച വീണ്ടെടുക്കാനായതിൽ ഏറെ സന്തോഷവതിയാണെന്ന് 26കാരിയായ യുവതി പറഞ്ഞു. ചികിത്സക്ക് നേതൃത്വം നൽകാനായതിൽ ചാരിതാർഥ്യമുണ്ടെന്ന് എം.ഡി. ഡോ. ശ്രീഗണേശ് പറഞ്ഞു. വൈറ്റ്ഫീൽഡ് നേത്രധാമ ആശുപത്രിയിൽ സ്റ്റേറ്റ് ഓഫ് ആർട് ഐ കെയർ സംവിധാനത്തിന്റെ ഉദ്ഘാടനം നാഗശ്രീ നിർവഹിച്ചു. വാർത്താസമ്മേളനത്തിൽ ഡോ. സുപ്രിയ ശ്രീഗണേശും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.