ജി. പരമേശ്വര
കർണാടകയിൽ വരൾച്ച ബാധിത താലൂക്കുകളുടെ എണ്ണം 226 ആയി ഉയര്ത്തി
ബംഗളൂരു: കർണാടകയിൽ വരൾച്ച ബാധിത താലൂക്കുകളുടെ എണ്ണം 226 ആയി ഉയർത്തിയതായും ബുധനാഴ്ച പട്ടികയിൽ ഒമ്പത് താലൂക്കുകൾ കൂടി ഉൾപ്പെടുത്തിയതായും ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് വരൾച്ചാ ദുരിതാശ്വാസം തേടുന്നതിനായി സംസ്ഥാനത്തൊട്ടാകെയുള്ള വരൾച്ചയുമായി ബന്ധപ്പെട്ട നഷ്ടങ്ങൾ വിശദീകരിക്കുന്ന അന്തിമ മെമ്മോറാണ്ടം സംസ്ഥാന സർക്കാർ ഒരു ആഴ്ചക്കുള്ളിൽ തയാറാകുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പുതുതായി തിരിച്ചറിഞ്ഞ ഒമ്പത് താലൂക്കുകളിൽ ഗ്രൗണ്ട്-ട്രൂത്തിങ് പൂർത്തിയായി. ശേഷിക്കുന്ന താലൂക്കുകളിൽ ട്രിഗർ-1 മാനദണ്ഡം അനുസരിച്ചുള്ള വിലയിരുത്തൽ നടന്നുവരികയാണ്. യോഗ്യത നേടുന്നവയെ ഗ്രൗണ്ട്-ട്രൂത്തിങ്ങിന് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ നിധി (എൻ.ഡി.ആർ.എഫ്) മാർഗനിർദേശങ്ങൾക്കനുസൃതമായി മെമ്മോറാണ്ടം അന്തിമമാക്കിയ ശേഷം മൊത്തം കണക്കാക്കിയ നഷ്ടവും കേന്ദ്രത്തിൽ നിന്ന് ആവശ്യപ്പെടേണ്ട സഹായവും നിർണയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം സര്ക്കാര് ഏകദേശം 18,000 കോടി രൂപയുടെ വരൾച്ചാ ദുരിതാശ്വാസം ആവശ്യപ്പെട്ടു. ഈ വർഷം സംസ്ഥാനത്തുടനീളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. 226 താലൂക്കുകൾ ഇതിനകം വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കപ്പെട്ടു. കൂടുതൽ താലൂക്കുകൾ വരള്ച്ച ബാധിച്ചാല് നഷ്ടം ഇനിയും വർധിക്കുമെന്ന് പരമേശ്വര പറഞ്ഞു.
വരൾച്ചാ ദുരിതാശ്വാസത്തിനായി എൻ.ഡി.ആർ.എഫ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണമെന്ന് താനും മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. അപേക്ഷ പരിശോധിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ സംസ്ഥാനത്തിന് വിഷയത്തില് മറുപടി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അന്തിമ മെമ്മോറാണ്ടം തയാറായിക്കഴിഞ്ഞാൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരടങ്ങുന്ന ഒരു പ്രതിനിധി സംഘത്തെ ഡൽഹിയിലേക്ക് അയക്കുന്നതിനെക്കുറിച്ച് സർക്കാർ തീരുമാനിക്കുമെന്നും ഉചിതമായ പരിഹാരം തേടാന് കഴിയുമെന്നും പരമേശ്വര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.