കൊങ്കൺ റെയിൽവേ വികസനത്തിന് 9000 കോടി അനുവദിച്ചു
ബംഗളൂരു: കൊങ്കൺ റെയിൽവേ വികസനത്തിനായി കേന്ദ്രം 9000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തുടനീളം പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന നിരവധി പദ്ധതികൾ വരും വർഷങ്ങളിൽ 52,000 കോടി രൂപ ചെലവിൽ ഏറ്റെടുക്കുമെന്നും കേന്ദ്ര റെയിൽവേ, ജലശക്തി സഹമന്ത്രി വി. സോമണ്ണ പറഞ്ഞു. ശിവമൊഗ്ഗയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത 25 മുതൽ 30 വർഷം വരെ നീണ്ടുനിൽക്കുന്ന ദീർഘകാല കാഴ്ചപ്പാടോടെയുള്ള റെയിൽവേ പദ്ധതികൾ നടപ്പിലാക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് മന്ത്രി പറഞ്ഞു. ശിവമൊഗ്ഗ-ശിക്കാരിപൂർ-റാണെബെന്നൂർ റെയിൽവേ പദ്ധതിയെക്കുറിച്ച് അഭിപ്രായപ്പെട്ട അദ്ദേഹം, കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുമെന്നും നിലവിലുള്ള ടെൻഡർ റദ്ദാക്കുമെന്നും പ്രഖ്യാപിച്ചു.
ശിവമോഗ-ബിരൂർ പാത ഇരട്ടിപ്പിക്കാനുള്ള സർവേ നടന്നുവരികയാണ്. പുതിയ ശൃംഗേരി-ശിവമൊഗ്ഗ റെയിൽവേ പാതക്കുള്ള നിർദ്ദേശവും പുരോഗമിക്കുന്നു.
മംഗളൂരു, ഉഡുപ്പി, ശിവമോഗ മേഖലകളിലെ റെയിൽവേ കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ അവലോകനം ചെയ്തിട്ടുണ്ടെന്നും പുതിയ റെയിൽവേ പദ്ധതികൾക്ക് കേന്ദ്രം മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ശിവമോഗ-ശൃംഗേരി-മംഗളൂരു റെയിൽവേ ലൈനിനായുള്ള അവസാന ഘട്ട സർവേ - 2018ൽ ആദ്യം അംഗീകരിച്ചത് - 2025ൽ ആരംഭിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
178 കിലോമീറ്റർ ദൈർഘ്യമുള്ള തലഗുപ്പ-സിദ്ധാപുര-സിർസി-മുണ്ട്ഗോഡ്-ഹുബ്ബള്ളി പാതയുടെ സർവേ ഉടൻ ആരംഭിക്കും. 1511 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന പുതിയ തലഗുപ്പ-ഹൊന്നാവർ പാതക്ക് അനുമതി ലഭിച്ചിട്ടുണ്ട്. 173 കിലോമീറ്റർ ദൈർഘ്യമുള്ള ഭദ്രാവതി-ചിക്കബസൂർ-ചന്നഗിരി റെയിൽവേ പാതയുടെ സർവേ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ചിക്കമംഗളൂരു-ശൃംഗേരി, ഹുബ്ബള്ളി-അങ്കോള, ശിവമൊഗ്ഗ-തീർഥഹള്ളി-ശൃംഗേരി റൂട്ടുകളുടെ സർവേകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
തുമകൂരുവിലെയും ശിവമൊഗ്ഗയിലെയും റെയിൽവേ സ്റ്റേഷനുകൾ യഥാക്രമം 100 കോടി രൂപയും 50 കോടി രൂപയും ചെലവിൽ അത്യാധുനിക സൗകര്യങ്ങളാക്കി മാറ്റാൻ നിർദ്ദേശമുണ്ടെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.