ബംഗളൂരു: സെൻസസ് ജോലികളിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക പ്രീ-യൂനിവേഴ്സിറ്റി കോളജ് ലെക്ചറേഴ്സ് അസോസിയേഷൻ സർക്കാറിന് നിവേദനം നൽകി. സെൻസസ് പ്രക്രിയകള്‍ക്കായി ആയിരക്കണക്കിന് ലെക്ചറർമാരെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഇവര്‍ക്കുള്ള പരിശീലനം വിവിധ ബാച്ചുകളായി പൂർത്തിയായി. മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം മാർച്ചിൽ നടന്നു. മൂന്ന് ഘട്ടങ്ങളിലായാണ് എന്യൂമറേറ്റർമാർക്കുള്ള പരിശീലനം നടത്തുക. ഗാർഹിക സെൻസസ് ഏപ്രിൽ 15 മുതൽ മേയ് 15 വരെ നടക്കും.
2025-26 അധ്യയന വർഷം മുതൽ സർക്കാർ പി.യു. കോളജുകളിലെ തിരഞ്ഞെടുത്ത 25,000 വിദ്യാര്‍ഥികൾക്ക് സി.ഇ.ടി, നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനായി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് എല്ലാ ദിവസവും ഓൺലൈൻ ലൈവ് ക്ലാസുകൾ നടത്തിയിരുന്നു. വാർഷിക പരീക്ഷകൾ നടക്കുന്നതിനാല്‍ ഓൺലൈൻ ലൈവ് ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ക്ലാസുകൾ ഏപ്രിൽ ഒന്നിന് പുനരാരംഭിച്ച ക്ലാസുകള്‍ 20 വരെ നടക്കും. വകുപ്പ് ഉത്തരവ് പ്രകാരം ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതം, ജീവശാസ്ത്രം എന്നീ വിഷയങ്ങളുടെ ക്ലാസുകൾ ദിവസവും നാല് മണിക്കൂർ നടത്തുകയും എല്ലാ അധ്യാപകരും നിർബന്ധമായും പങ്കെടുക്കുകയും വേണം.
അതിനുശേഷം മാർക്ക് എണ്ണല്‍, പുനർമൂല്യനിർണയം എന്നിവ ആരംഭിക്കും. ഏപ്രിൽ 20 വരെ എല്ലാ സയൻസ് സ്ട്രീം അധ്യാപകരെയും സി.ഇ.ടി, നീറ്റ്, ജെ.ഇ.ഇ ഓൺലൈൻ ക്ലാസുകള്‍ എടുക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ്ങിന്‍റെ തിയറി പരീക്ഷ ഏപ്രിൽ 10 മുതൽ മേയ് ആറു വരെയും ‘സിഇടി-2026’ ഏപ്രിൽ 23, 24 തീയതികളിൽ നടത്തുമെന്ന കർണാടക പരീക്ഷാ അതോറിറ്റി അറിയിച്ചതായി അസോസിയേഷൻ പറഞ്ഞു. രണ്ടാം വര്‍ഷ പി.യു. പരീക്ഷ-2 ഷെഡ്യൂൾ പ്രകാരം ഏപ്രിൽ 25 മുതൽ മേയ് എട്ടു വരെ നടക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസി മേയ് മൂന്നിന് നീറ്റ്-2026 നടത്തും.
ഈ ജോലികൾക്കെല്ലാം പി.യു. കോളജ് അധ്യാപകരെയാണ് നിയോഗിച്ചിരിക്കുന്നത്. അതിനാല്‍ പി.യു. അധ്യാപകരുടെ അമിത ജോലിഭാരം കണക്കിലെടുത്ത് സർക്കാർ അവരെ സെൻസസ് ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന് അസോസിയേഷൻ പ്രസിഡന്‍റ് എ.എച്ച്. നിംഗെഗൗഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.