ബംഗളൂരു: സംസ്ഥാനത്തെ എസ്.ഐ.ആറിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദേവനഹള്ളിയിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 'കോൺഗ്രസ് നഡെ, മഡ രക്ഷണേ കഡെ' എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടവകാശം ആരും നഷ്ടപ്പെടുത്തരുത്. ജനങ്ങൾക്ക് യഥാര്‍ത്ഥ രീതിയിലുള്ള സഹായം നൽകുകയും അവരുടെ വോട്ടുകൾ സംരക്ഷിക്കുകയും വേണമെന്ന് കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും ആഹ്വാനം ചെയ്തു. ഇതൊരു മാപ്പിങ് പ്രക്രിയയാണെന്ന ധാരണ എല്ലാവരും ഒഴിവാക്കണം. ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) നൽകുന്ന ഫോമുകൾ നിർബന്ധമായും പൂരിപ്പിച്ച് ആവശ്യമായ രേഖകൾക്കൊപ്പം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സമർപ്പിക്കണം. ഇതിനായി പ്രവർത്തകർക്ക് പരിശീലനം നൽകും. എല്ലാവരുടെയും വോട്ടവകാശം സംരക്ഷിക്കുന്നതിൽ ബി.എൽ.ഒമാർ പാർട്ടി വ്യത്യാസമില്ലാതെ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ എസ്.ഐ.ആർ പ്രക്രിയ ജൂൺ 20ന് ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് അവസാനമായി എസ്.ഐ.ആർ നടത്തിയത് 2002ലാണ്. അന്ന് സംസ്ഥാനത്ത് 3.55 കോടി വോട്ടർമാരുണ്ടായിരുന്നു. ഇപ്പോൾ സംസ്ഥാനത്ത് 5.55 കോടി വോട്ടർമാരുണ്ട്.
അന്തിമ വോട്ടർ പട്ടിക ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിക്കും. മന്ത്രിമാർക്കും എം.എൽ.എമാർക്കും അതത് ജില്ലകളിലും നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്താനും മീറ്റിങുകൾ നടത്താനും ബി.എൽ.എമാർക്ക് പരിശീലനം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും ഇന്നത്തെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ശിവകുമാർ പറഞ്ഞു. എസ്.ഐ.ആറിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് പകരം അതിനെക്കുറിച്ച് ബോധവത്കരണം നൽകുന്നതിലാണ് പാര്‍ട്ടി ശ്രദ്ധ ചെലുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.