ന​ഗ​ര​ത്തി​ലെ ജ്ഞാ​ന​ഭാ​ര​തി റോ​ഡി​ലെ കു​ഴി​

എന്നുതീരും നഗരയാത്രാദുരിതം?

ബംഗളൂരു: നഗരത്തിലെ റോഡുകളിലെ കുഴിയടക്കൽ അനന്തമായി നീളുന്നു. പ്രധാന റോഡുകളിൽ കുഴികൾ വ്യാപകമാണ്. ഇതോടെ യാത്ര ഏറെ ദുരിതമായി. റോഡിലെ കുഴികളിൽ വീണ് ആളുകൾ മരിക്കുന്ന സംഭവങ്ങളും കൂടിവരുകയാണ്.

നേരത്തേ നവംബർ 15നുള്ളിൽ നഗരറോഡുകളിലെ മുഴുവൻ കുഴികളും നികത്തുമെന്നായിരുന്നു ബി.ബി.എം.പി ഉറപ്പുനൽകിയിരുന്നത്. എന്നാൽ, പ്രധാന റോഡുകളിലുൾപ്പെടെ ഇപ്പോഴും കുഴികൾ ബാക്കിയാണ്. കുഴിയടച്ച പ്രദേശങ്ങളിൽ മഴപെയ്തതോടെ വീണ്ടും കുഴികൾ രൂപപ്പെടുന്നുമുണ്ട്.

മതിയായ ഗുണനിലവാരമില്ലാത്ത ടാർ മിശ്രിതമാണ് കുഴികളടക്കാൻ ഉപയോഗിക്കുന്നതെന്നാണ് ആരോപണം. അതിനിടെ റോഡിലെ കുഴികൾ നികത്തുന്നതിൽ അനാസ്ഥ കാണിക്കുന്നതിനെതിരെ ബി.ബി.എം.പി. ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് എൻജിനീയർമാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി.

വിവിധ സോണുകളുടെ ചുമതലയുള്ള എൻജിനീയർമാരും ട്രാഫിക് കമീഷണറും പങ്കെടുത്ത യോഗത്തിലായിരുന്നു ഇത്. ഉടൻതന്നെ നഗരത്തിലെ മുഴുവൻ റോഡുകളും സുഗമമായ സഞ്ചാരത്തിന് യോഗ്യമാക്കിയില്ലെങ്കിൽ അതത് മേഖലകളുടെ എൻജിനീയർമാർക്കുനേരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ റോഡിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ വലിയ സമ്മർദമാണ് കോർപറേഷനുള്ളത്. റോഡുകളുടെ ശോച്യാവസ്ഥ പ്രതിപക്ഷ കക്ഷികൾ പ്രചാരണായുധമാക്കുന്നുമുണ്ട്. മരാമത്ത് പണികളിലടക്കം വ്യാപകമായ അഴിമതിയാണ് നടക്കുന്നതെന്ന് നേരത്തേ തന്നെ ആരോപണമുള്ളതാണ്.

ബി.ബി.എം.പി നടത്തുന്ന റോഡ് അറ്റകുറ്റപ്പണികൾ നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) പരിശോധിക്കുകയും മേൽനോട്ടം വഹിക്കുകയും വേണമെന്ന് ഈയടുത്ത് ഹൈകോടതി ഉത്തരവിട്ടിരുന്നു.

നഗരത്തിൽ നടത്തുന്ന റോഡുപണികൾ തൃപ്തികരമാണോ എന്നും മാനദണ്ഡപ്രകാരമാണോ പണികൾ നടക്കുന്നത് എന്നും വിലയിരുത്തണം. വർഷങ്ങൾ പിന്നിട്ടിട്ടും റോഡുകളുടെ അവസ്ഥ ദയനീയമായി തുടരുകയാണ്. ജനങ്ങളുടെ ജീവൻ വരെ നഷ്ടമാകുന്ന അവസ്ഥയിലേക്ക് ഇത് മാറിയിട്ടുണ്ടെന്നും ഹൈകോടതി പറഞ്ഞിരുന്നു.

നവംബർ 15നകം കുഴികൾ നികത്തുമെന്നാണ് ബി.ബി.എം.പി ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് ഉറപ്പ് നൽകിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി യുദ്ധകാലാടിസ്ഥാനത്തിൽ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ റോഡുകളിലെ കുഴിയടപ്പ് നടത്തിയെങ്കിലും മറ്റിടങ്ങളിലെ കുഴികൾ അടച്ചിരുന്നില്ല. എന്നാൽ, മിക്ക കുഴികളും ഇപ്പോഴും അതുപോലെ തുടരുകയാണ്. 

Tags:    
News Summary - potholes on road-travel woes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.