മംഗളൂരു: ലോകായുക്ത ഉദ്യോഗസ്ഥനെന്ന വ്യാജേന വേഷം ധരിച്ച അജ്ഞാതൻ ഉഡുപ്പി സിറ്റി മുനിസിപ്പൽ കൗൺസിലിലെ മുതിർന്ന ഉദ്യോഗസ്ഥനെ വഞ്ചിക്കാൻ ശ്രമിച്ച സംഭവത്തിൽ ഉഡുപ്പി സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉഡുപ്പി സിറ്റി മുനിസിപ്പാലിറ്റിയിലെ ഫസ്റ്റ് ഡിവിഷൻ റവന്യൂ ഇൻസ്പെക്ടർ കപിൽദേവ് എസ്. ഗോഡെമാനെക്ക് ജനുവരി 19ന് മംഗളൂരു ഡിവിഷനിലെ ലോകായുക്ത പൊലീസ് ഇൻസ്പെക്ടറായ ചേലുവരാജ് എന്ന് പരിചയപ്പെടുത്തിയ അജ്ഞാത വ്യക്തിയിൽ നിന്ന് വാട്സ്ആപ് കാൾ ലഭിച്ചു.
കപിൽദേവിനെതിരെ ഇ-മെയിൽ വഴി പരാതി ലഭിച്ചതായി വിളിച്ചയാൾ അവകാശപ്പെട്ടു, ‘പ്രശ്നം ഒത്തുതീർപ്പാക്കാൻ’മുന്നറിയിപ്പ് നൽകി. അനുസരിക്കാത്തതിനാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനും വകുപ്പുതല അന്വേഷണം ആരംഭിക്കുന്നതിനും കാരണമാകുമെന്ന് അയാൾ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറഞ്ഞു.
തുടർന്ന്, വിളിച്ചയാൾ കാൾ മറ്റൊരാൾക്ക് കൈമാറി. അയാൾ ഒരു മുതിർന്ന ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുകയും കപിൽദേവ് നിർദേശിച്ചതുപോലെ പ്രവർത്തിക്കണമെന്നും അല്ലെങ്കിൽ നിയമപരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഭീഷണി ആവർത്തിച്ചു. സംശയം തോന്നിയ കപിൽദേവ് ഉഡുപ്പി ലോകായുക്ത ഒാഫിസ് സന്ദർശിച്ച് കാളുകളുടെ ആധികാരികത പരിശോധിച്ചു. അത്തരം ഉദ്യോഗസ്ഥർ ആരും തങ്ങളുടെ ഒാഫിസിൽ ജോലി ചെയ്യുന്നില്ലെന്നും ലോകായുക്ത വകുപ്പിൽനിന്ന് കാളുകൾ വന്നിട്ടില്ലെന്നും അവിടത്തെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വഞ്ചിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെയാണ് കാളുകൾ വന്നതെന്ന് മനസ്സിലാക്കിയ കപിൽദേവ് ഉഡുപ്പി സിറ്റി പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.